വിജയവാഡ: സഹോദരൻ സെക്സ് റാക്കറ്റിന് കൈമാറിയ 13 വയസ്സുകാരിയെ പോലീസ് രക്ഷപ്പെടുത്തി. ആന്ധ്രപ്രദേശിലെ സിങ്കരായകോണ്ടയിലെ ഒരു വീട്ടിൽനിന്നാണ് പോലീസ് സംഘം പെൺകുട്ടിയെ മോചിപ്പിച്ചത്. സെക്സ് റാക്കറ്റ് നടത്തിപ്പുകാരനായ വീട്ടുടമയെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ സഹോദരനും ഭാര്യയുമാണ് 27,000 രൂപയ്ക്ക് 13 വയസ്സുകാരിയെ കൈമാറിയതെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കൾ തമ്മിൽ കലഹത്തിലായിരുന്നതിനാൽ പിതാവിന്റെ ആദ്യ ബന്ധത്തിലുള്ള സഹോദരനൊപ്പം നെല്ലൂരിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ജൂലായ് 12-ന് സഹോദരനും ഭാര്യയും പെൺകുട്ടിയെ സിങ്കരായകോണ്ടയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ എത്തിയതിന് ശേഷമാണ് താൻ കെണിയിൽപ്പെട്ടതായി പെൺകുട്ടിക്ക് മനസിലായത്. തുടർന്ന് പോലീസ് കൺട്രോൾ റൂം നമ്പറായ 100-ൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു.

ഫോൺകോൾ ലഭിച്ചതിന് പിന്നാലെ പോലീസ് സംവിധാനം ഉണർന്നുപ്രവർത്തിച്ചു. ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി പെൺകുട്ടിയെ താമസിപ്പിച്ച വീട്ടിൽനിന്നും മണിക്കൂറുകൾക്കുള്ളിൽ രക്ഷപ്പെടുത്തുകയും ചെയ്തു.

27,000 രൂപയാണ് പെൺകുട്ടിയെ കൈമാറിയതിന് സെക്സ് റാക്കറ്റ് നടത്തിപ്പുകാരൻ സഹോദരന് നൽകിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം, കുട്ടിയുടെ സഹോദരനെയും ഭാര്യയെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ ഉടൻപിടികൂടുമെന്നാണ് പോലീസ് അറിയിച്ചത്.

Content Highlights:brother sold his sister to sex racket police rescued her