കൊട്ടിയം (കൊല്ലം) : ദളിത് യുവാവിനെ രാത്രിയിൽ വീട്ടിൽനിന്ന്‌ വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി. യുവാവിന്റെ സഹോദരീഭർത്താവും സുഹൃത്തും ചേർന്നാണ് കൊലപ്പെടുത്തിയത്. ഇവർ രണ്ടുപേരെയും ഒരു യുവതിയെയും പോലീസ് പിടികൂടി.

മയ്യനാട് തെക്കുംകര ആലുംമൂട് ആതിരാഭവനിൽ തുളസിയുടെയും ബേബിയുടെയും മകൻ മണിക്കുട്ടനാണ്‌ (അനിൽകുമാർ-23) കൊല്ലപ്പെട്ടത്. അനിൽകുമാറിന്റെ സഹോദരീഭർത്താവ് ആലുംമൂട് കുളങ്ങര പുത്തൻവീട്ടിൽ അനീഷ് (32), ഇയാളുടെ സുഹൃത്ത് സന്തോഷ്, സന്തോഷിനൊപ്പം താമസിക്കുന്ന ദീപ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. അനീഷും സന്തോഷും നിരവധി കേസുകളിൽ പ്രതികളാണ്.

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ സന്തോഷിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. രാത്രി പന്ത്രണ്ടുമണിയോടെ ഉമയനല്ലൂർ കൂതറവയൽ ലക്ഷംവീട് കോളനി നിവാസിയായ ഒരു യുവാവാണ് അനിലിനെ വീട്ടിൽനിന്ന്‌ വിളച്ചിറക്കി കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകീട്ട് അനിൽകുമാറും സഹോദരീഭർത്താവായ അനീഷുമായി വഴക്കുണ്ടായിരുന്നു. അതിനുശേഷമാണ്‌ ഇയാളെ വിളിച്ചിറക്കി കൊണ്ടുപോയത്. അവിടെവെച്ച് അനീഷും സന്തോഷും ചേർന്ന് ക്രൂരമായി ആക്രമിച്ചു കൊല്ലുകയായിരുന്നു. മർദനമേറ്റ് അബോധാവസ്ഥയിൽ അനിൽ വീട്ടുമുറ്റത്ത് കിടക്കുന്ന വിവരം ദീപയാണ് കൊട്ടിയം പോലീസിൽ വിളിച്ചറിയിച്ചത്. പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചനിലയിലായിരുന്നു.

അനീഷ് ഭാര്യ ആതിരയെ മർദിക്കുക പതിവായിരുന്നു. ഇത് സഹോദരനായ അനിൽ ചോദ്യംചെയ്യുന്നതാണ് വൈരാഗ്യത്തിനു കാരണം. അനിലിന്റെ അമ്മയും സഹോദരിയും പലപ്രാവശ്യം അനീഷിന്റെ അതിക്രമങ്ങൾക്കെതിരേ കൊട്ടിയം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് കാര്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ടുണ്ടായ തർക്കങ്ങൾ പറഞ്ഞുതീർക്കാനെന്നു പറഞ്ഞാണ്‌ അർദ്ധരാത്രിയോടെ അനിൽകുമാറിനെ വീട്ടിൽനിന്ന്‌ വിളിച്ചിറക്കി കൊണ്ടുപോയത്.

ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിലാണ് കേസന്വേഷണം. മേൽനടപടികൾക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹ പരിശോധന നടത്തി. മരപ്പണിക്കാരനാണ് മരിച്ച അനിൽകുമാർ.

Content Highlight: Brother in law killed Dalit man