കാസര്‍കോട്: കാസര്‍കോട്ട് സഹോദരിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആല്‍ബിന്‍ കൊലപാതകം ആസൂത്രണം ചെയ്തത് അച്ഛന്‍ വാങ്ങിക്കൊടുത്ത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച്. ബാക്കി വന്ന ഐസ്‌ക്രീം വളര്‍ത്തുനായക്ക് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ആല്‍ബിന്‍ തയ്യാറായില്ല.
ആരും അറിയാതെ ഐസ്‌ക്രീം നശിപ്പിച്ച ആല്‍ബിന്‍, സംശയം തോന്നാതിരിക്കാന്‍ ശാരീരിക അസ്വസ്ഥതയും നടിച്ചു. ആല്‍ബിനെ ഇന്ന് കാസര്‍കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.
ആല്‍ബിന്‍ കൃത്യമായ ആസൂത്രണം നടത്തി എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ ആല്‍ബിന്‍ നല്‍കിയിരിക്കുന്ന മൊഴികള്‍ പോലീസിനെ പോലും ഞെട്ടിക്കുന്നതാണ്. കൂട്ട ആത്മഹത്യ എന്ന് വരുത്തിത്തീര്‍ക്കാനും സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് സ്ഥാപിക്കാനുമുള്ള ശ്രമങ്ങളാണ് ആല്‍ബിന്‍ നടത്തിയത്
സഹോദരിക്കും മാതാപിതാക്കള്‍ക്കും വിഷം നല്‍കാന്‍ പദ്ധതി തയ്യാറാക്കിയത് അച്ഛന്‍ വാങ്ങി നല്‍കിയ അതേ ഫോണ്‍ ഉപയോഗിച്ചാണ്. വിഷം എത്ര അളവില്‍ ചേര്‍ക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ഫോണ്‍ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റില്‍ തിരഞ്ഞത്. അച്ഛന്‍ ബെന്നിയാണ് ആല്‍ബിന് ഈ ഫോണ്‍ വാങ്ങി നല്‍കിയത്.
31നാണ് സഹോദരിയും ആല്‍ബിനും ചേര്‍ന്ന് ഐസ്‌ക്രീം തയ്യാറാക്കിയതും അത് ഫ്രിഡ്ജില്‍ സൂക്ഷിച്ചതും. ഇത് ബെന്നിക്കും സഹോദരിക്കും നല്‍കി. ആ സമയത്ത് അമ്മ ബെസിക്ക് ആല്‍ബിന്‍ ഐസ്‌ക്രീം നല്‍കിയിരുന്നില്ല. അടുത്ത ദിവസമാണ് ബെസിക്ക് ആല്‍ബിന്‍ ഐസ്‌ക്രീം നല്‍കുന്നത്.
ഇതിനിടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ആല്‍ബിന്റെ സഹോദരിയെ ചെറുപുഴയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് പെണ്‍കുട്ടി മരിക്കുന്നത്.
ഈ ഘട്ടത്തില്‍ ബെന്നിക്കും ബെസിക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതേസമയം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ആല്‍ബിനും ആശുപത്രിയില്‍ ചികിത്സ തേടി.
കുടുംബത്തിലെ മറ്റുള്ളവരുടെ ശരീരത്തില്‍ എലി വിഷത്തിന്റെ കണ്ടെത്തിയെങ്കിലും ആല്‍ബിന്റെ ശരീരത്തില്‍ വിഷം കണ്ടെത്താന്‍ സാധിച്ചില്ല. ഇത് സംശയങ്ങള്‍ക്ക് വഴിവെച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് അന്വേഷണം നടത്തുകയും ചെയ്തു. ഇതോടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.
ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയെന്ന് സമ്മതിച്ച് ആല്‍ബിന്‍
പിതാവിനെയും മാതാവിനെയും സഹോദരിയെയും കൊലപ്പെടുത്താന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ ആല്‍ബിന്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മകള്‍ക്കൊപ്പം ഐസ്‌ക്രീം കഴിച്ച ബെന്നി പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരനിലയിലാണ്.
സുഖലോലുപനായി ജീവിക്കാന്‍ കുടുംബാംഗങ്ങള്‍ തടസ്സമാണെന്ന് തോന്നിയതിനാലാണ് മൂന്നുപേരെയും വകവരുത്താന്‍ ആല്‍ബിന്‍ തീരുമാനമെടുത്തതെന്ന് പോലീസ് പറയുന്നു. എലിവിഷം നേരിയ അളവില്‍ കോഴിക്കറിയില്‍ കലര്‍ത്തിയായിരുന്നു ആദ്യശ്രമം. അത് പാളിയതിനെ തുടര്‍ന്നാണ് ഐസ്‌ക്രീമിലൂടെ കാര്യം നടത്താന്‍ തീരുമാനിച്ചത്.
പുതിയ എലിവിഷം വാങ്ങി. സഹോദരിക്കൊപ്പം ചേര്‍ന്ന് ജൂലായ് 30-ന് ഐസ്‌ക്രീം ഉണ്ടാക്കി. രണ്ടു പാത്രങ്ങളിലായി റഫ്രിജറേറ്ററില്‍ വെച്ചു. അടുത്തദിവസം നാലുപേരും ചേര്‍ന്ന് ഒരു പാത്രത്തിലേത് കഴിച്ചു. രണ്ടാമത്തെ പാത്രത്തിലുള്ള ഐസ്‌ക്രീമില്‍ ആരും കാണാതെ ആല്‍ബിന്‍ എലിവിഷത്തിന്റെ പകുതി കലര്‍ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തൊട്ടടുത്ത ദിവസം ബെന്നിയും ആന്‍മേരിയും ഇത് കഴിച്ചു. ബെസി കുറച്ചുമാത്രം കഴിച്ചതിനാല്‍ അപകടത്തില്‍പ്പെട്ടില്ല.
content highlights: brother arrested in connection with murder of teenage girl in kasargod