വൈപ്പിന്‍: അടഞ്ഞുകിടന്ന വീടിനുള്ളില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയില്‍ അമ്മയെ ആശുപത്രിയിലെത്തിച്ചു. ഞാറയ്ക്കല്‍ പള്ളിക്ക് കിഴക്ക് നാലാം വാര്‍ഡില്‍ ന്യൂറോഡില്‍ മുക്കുങ്കല്‍ പരേതനായ വര്‍ഗീസിന്റെ മക്കളായ ജോസ് (51), ജെസ്സി (49) എന്നിവരാണ് മരിച്ചത്.

രണ്ട് ദിവസമായി വീട് തുറക്കാതിരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തിയാണ് വീട് തുറന്നത്. അമ്മ ഞാറയ്ക്കല്‍ സെയ്ന്റ് മേരീസ് യു.പി. സ്‌കൂളിലെ റിട്ട. അധ്യാപിക റീത്ത (82) യ്ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് മനസ്സിലായ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജെസ്സി സെയ്ന്റ് മേരീസ് യു.പി. സ്‌കൂള്‍ അധ്യാപികയാണ്. സഹോദരന്‍ ജോസ് വെളിയത്താംപറമ്പില്‍ കട നടത്തുകയാണ്. ഇരുവരും അവിവാഹിതരാണ്.

മൂന്നുപേരുടെയും കൈത്തണ്ട മുറിഞ്ഞ നിലയിലാണ്. വീടിനുള്ളില്‍ തളംകെട്ടി കിടക്കുന്ന രക്തം കട്ടപിടിച്ചു തുടങ്ങിയതിനാല്‍ സംഭവം നേരത്തെ നടന്നുവെന്നാണ് അനുമാനം. സഹോദരങ്ങളുടെ കഴുത്തില്‍ കുടുക്കിയ ചരട് ജനലഴിയില്‍ കെട്ടിയിട്ടുമുണ്ട്. മൂന്നുപേരും മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച ജല അതോറിറ്റിയില്‍നിന്ന് ബില്‍ നല്‍കാന്‍ എത്തിയപ്പോഴും വീടിന്റെ ഗെയ്റ്റ് അടച്ചിട്ട നിലയിലായിരുന്നു. ബുധനാഴ്ചയും ഗെയ്റ്റ് തുറക്കാതിരുന്നതാണ് സംശയത്തിന് കാരണമായത്. രാത്രി ഒമ്പതുമണിയോടെ വാര്‍ഡ് മെംബര്‍ എ.പി. ലാലു പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മകള്‍ ജെസ്സി ഒരു മുറിയിലും അമ്മയും മകനും ഹാളിലുമാണ് കിടന്നിരുന്നത്.

മക്കളുടെ മരണം സ്ഥിരീകരിച്ചെങ്കിലും മൃതദേഹം വീടിനുള്ളില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഫൊറന്‍സിക് വിദഗ്ദ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.