ലഖ്നൗ: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം പണവും സ്വർണവുമായി നവവധു മുങ്ങി. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം. ക്ഷേത്രത്തിലെ വിവാഹചടങ്ങുകൾ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് വധുവിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണവും സ്വർണവും ഉൾപ്പെടെ കൈക്കലാക്കിയാണ് വധു മുങ്ങിയതെന്ന് തിരിച്ചറിഞ്ഞത്.

ഷാജഹാൻപുരിലെ പൊവയാൻ സ്വദേശിയായ 34-കാരനാണ് ഫാറൂഖാബാദ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. ഏറെനാളായി വിവാഹം നടക്കാത്തതിനാൽ യുവാവിന്റെ സഹോദരഭാര്യ ഒരു ദരിദ്രകുടുംബത്തിൽനിന്ന് വിവാഹം ചെയ്യാൻ നിർദേശിച്ചിരുന്നു. തുടർന്ന് ഇവരെ അറിയാവുന്ന രണ്ടുപേർ ഫാറൂഖാബാദിലെ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തി. വിവാഹം നടത്താനുള്ള സാമ്പത്തികമില്ലാത്തതിനാൽ വരന്റെ കൈയിൽനിന്ന് മുപ്പതിനായിരം രൂപയും സ്വർണവുമെല്ലാം ഇവർ വാങ്ങിയിരുന്നു.

വെള്ളിയാഴ്ച ഫാറൂഖാബാദിലെ ഒരു ക്ഷേത്രത്തിൽവെച്ചാണ് വിവാഹചടങ്ങുകൾ നടന്നത്. ഇതിനുശേഷം ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേർക്കൊപ്പം നവവധുവും വരന്റെ വീട്ടിലെത്തി. എന്നാൽ മണിക്കൂറുകൾക്കകം വധുവിനെ വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു. വധുവിന്റെ ഒപ്പമെത്തിയ രണ്ടുപേരും മുങ്ങിയതായി കണ്ടെത്തിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം, പരാതിയിൽ അന്വേഷണം ആരംഭിച്ചെങ്കിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരാതിയിൽ പറയുന്ന കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. വധുവിനെയും മറ്റുരണ്ടുപേരെയും കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണെന്നും പൊവയാൻ എസ്.എച്ച്.ഒ. രവികുമാർ സിങ് പറഞ്ഞു.

Content Highlights:bride flees with money and jewllery after wedding