ഏറ്റുമാനൂര്‍: കരാറുകാരനില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ, ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയെ വിജിലന്‍സ് അറസ്റ്റുചെയ്തു. ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറി തിരുവനന്തപുരം വെഞ്ഞാറമ്മൂട് പുല്ലാമ്പാറ വാറുവിള വീട്ടില്‍ എസ്.ഷറഫുദ്ദീനാണ്(56) പിടിയിലായത്. ശനിയാഴ്ച സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുകയായിരുന്നു.

കോട്ടയം സ്വദേശിയായ കരാറുകാരനില്‍നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വെള്ളിയാഴ്ച രാത്രി 7.30ന് വിജിലന്‍സ്സംഘം പിടികൂടി. നഗരസഭാ സെക്രട്ടറി കൈക്കൂലി ആവശ്യപ്പെടുന്നുവെന്നുകാട്ടി കരാറുകാരന്‍ വിജിലന്‍സിനു പരാതി നല്‍കിയിരുന്നതാണ്.

ഒരുമാസത്തോളമായി നഗരസഭാ സെക്രട്ടറിയെ വിജിലന്‍സ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. 2015-16 പദ്ധതിയില്‍പ്പെടുത്തി വെട്ടിമുകള്‍ ഭാഗത്ത് 4,98,000 രൂപ ചെലവഴിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. സ്പില്‍ ഓവറില്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ബില്ല് പാസ്സാക്കുന്നതിന് 2,50,000 രൂപ തരണമെന്ന് സെക്രട്ടറി കരാറുകാരനോട് ആവശ്യപ്പെട്ടു. പകരം, നഗരസഭയുടെതന്നെ വഴിവിളക്കു സ്ഥാപിക്കുന്ന 18 ലക്ഷം രൂപയുടെ പദ്ധതിയില്‍ പണി ഭാഗികമായി പൂര്‍ത്തിയാക്കുമ്പോള്‍ത്തന്നെ 90 ശതമാനം തുകയും നല്‍കാമെന്നും സെക്രട്ടറി പറഞ്ഞെന്നു പരാതിയിലുണ്ടായിരുന്നു.

കൈക്കൂലി ആവശ്യപ്പെട്ട്  സെക്രട്ടറി പലതവണ കരാറുകാരനെ ഫോണില്‍ വിളിച്ചു. വിജിലന്‍സ്സംഘം ഇതു റെക്കോഡുചെയ്തു. വെള്ളിയാഴ്ച 80,000 രൂപയുമായി എത്തണമെന്ന് നിര്‍ബന്ധമായും പറഞ്ഞു. താന്‍ റിട്ടയര്‍ചെയ്താലും അസി. സെക്രട്ടറി കാര്യങ്ങള്‍ ശരിയാക്കുമെന്നും ഇയാള്‍ പറഞ്ഞു.

രാവിലെ മുതല്‍ വിജിലന്‍സ് സംഘം സ്ഥലത്തുണ്ടായിരുന്നു. കരാറുകാരന്‍ സെക്രട്ടറിയുടെ ക്യാബിനിലെത്തി, വിജിലന്‍സ് അടയാളപ്പെടുത്തിനല്‍കിയ പണം കൈമാറി. ഉടന്‍ സെക്രട്ടറിയെ പിടികൂടുകയായിരുന്നു. നഗരസഭാ അസി. സെക്രട്ടറിയെയും പ്രതിചേര്‍ത്തിട്ടുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളില്‍ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കൈക്കൂലിക്കേസില്‍ മുമ്പും ഇദ്ദേഹം വിജിലന്‍സിന്റെ പിടിയിലായിട്ടുണ്ട്.

വിജിലന്‍സ് എസ്.പി. ജോണ്‍സണ്‍ എം.ജോസഫിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി. എസ്.സുരേഷ്‌കുമാര്‍, സി.ഐ. എ.ജെ.തോമസ്, എസ്.ഐ.മാരായ സജീവ്കുമാര്‍, തോമസ്‌കുട്ടി, ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് നടപടിക്കു നേതൃത്വം നല്‍കിയത്.

അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.