കോഴിക്കോട്: കൈക്കൂലിവാങ്ങി കാറില്‍ കടന്നുകളയാന്‍ ശ്രമിച്ച കല്‍പ്പറ്റ ആര്‍.ടി. ഓഫീസിലെ ഡ്രൈവറെ വിജിലന്‍സ് ലോറികുറുകെയിട്ടു പിടിച്ചു. സുല്‍ത്താന്‍ ബത്തേരി-കോട്ടൂര്‍ ഹൗസില്‍ കെ.എ. ബാലനെയാണ് താമരശ്ശേരി ചുരത്തില്‍ വെച്ച് കോഴിക്കോട് വിജിലന്‍സ് റേഞ്ച് ഡിവൈ.എസ്.പി. അശ്വകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

black money
പ്രതീകാത്മക ചിത്രം

മോട്ടോര്‍ വാഹനവകുപ്പിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റുവഴി പരിശോധനയില്ലാതെ കണ്ടെയ്‌നര്‍ ലോറി കടത്തിവിടാനാണ് ബാലന്‍ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കെണിയൊരുക്കാന്‍ വിജിലന്‍സ് രണ്ട് സംഘങ്ങളായിത്തിരിഞ്ഞ് ചുരത്തിലും അടിവാരത്തിലും കാത്തുനില്‍പ്പുണ്ടായിരുന്നു. 

കല്‍പ്പറ്റയില്‍ പണവുമായി എത്താന്‍ പറഞ്ഞ ബാലന്‍ അവസാനനിമിഷം പദ്ധതിമാറ്റിയതോടെ അടിവാരത്തുനിന്ന് ഒരു വാഹനത്തില്‍ സ്ഥാപനത്തിന്റെ മാനേജരെന്ന വ്യാജേന ഗസറ്റഡ് ഓഫീസറെ പരാതിക്കാരനൊപ്പം വിട്ടു. ബാലന് വാഹനത്തിന്റെ നമ്പറും പറഞ്ഞു കൊടുത്തു. വഴിയില്‍ വെച്ച് വാഹനം കൈകാണിച്ച് നിര്‍ത്തിയ ബാലന്‍ രണ്ടാംചുരത്തില്‍ വെച്ചാണ് പണം വാങ്ങിയത്. വിജിലന്‍സ് പിന്നാലെ എത്തിയെങ്കിലും രണ്ടാംവളവില്‍ നേരത്തെ നിര്‍ത്തിയിട്ട കാറെടുത്ത് വേഗത്തില്‍ ഓടിച്ചുപോയി. 

ഇതോടെ തൊട്ടുമുകളിലെ വളവില്‍ കാത്തുനിന്ന വിജിലന്‍സ് സംഘത്തിന് വിവരം കൈമാറി. അവര്‍ അതുവഴി വന്ന ലോറി കുറുകെയിട്ട് ബാലനെ പിടികൂടി. പണം കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ആദ്യം പറഞ്ഞതെങ്കിലും കാറിന്റെ മാറ്റിനടിയില്‍ നിന്ന് വിജിലന്‍സ് ഇരുപതിനായിരം രൂപ കണ്ടെടുത്തു. 

സി.ഐ.മാരായ ബിജുരാജ്, ചന്ദ്രമോഹന്‍, എസ്.ഐ. പ്രേമാനന്ദ്, എ.എസ്.ഐ.മാരായ ശ്രീകുമാര്‍, രാജേന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.സി. സുജിത്ത്, സപ്‌നേഷ്, റിനീഷ്, സുനില്‍കുമാര്‍, ഷാജി, ഫിറോസ് എന്നിവരാണ് വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നത്.