തിരുവനന്തപുരം: കുറ്റപത്രം നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസിലെ പോലീസ് ഉദ്യോഗസ്ഥന് രണ്ടുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. ശിക്ഷ മൂന്നുവര്‍ഷത്തില്‍ കുറവായതിനാല്‍ കോടതി ജാമ്യം നല്‍കി.

പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കൊട്ടാരക്കര എ.എസ്.ഐ. രമണനാണ് പ്രതി. വാഹനാപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയുടെ ഭര്‍ത്താവില്‍നിന്നാണ് പ്രതി കൈക്കൂലി വാങ്ങിയത്.

വാഹനാപകടക്കേസ് എടുക്കുന്നതിനും മഹസ്സര്‍ തയ്യാറാക്കുന്നതിനും ഇയാള്‍ രണ്ടുതവണ കൈക്കൂലി വാങ്ങി. കുറ്റപത്രം നല്‍കാന്‍ മൂന്നാംതവണയും കൈക്കൂലി ആവശ്യപ്പെട്ടതാണ് പ്രതിക്ക് വിനയായത്.

2010 ജൂലായ് 17ന് അമ്പലത്തില്‍കാലവെച്ചാണ് ഷാഹിദ ബീവിയെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഷാഹിദ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഭര്‍ത്താവ് ഹുമയൂണ്‍ കബീറില്‍നിന്ന് പ്രതി കൈക്കൂലി വാങ്ങിയത്.