ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരസഭാ ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസില്‍ ഊട്ടി വിജിലന്‍സ് അറസ്റ്റുചെയ്തു. നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥന്‍ കൂനൂര്‍ സ്വദേശി ഖാദര്‍ബാഷ ഖാനാണ് അറസ്റ്റിലായത്. ഗൂഡല്ലൂരില്‍ പാനിപൂരി കച്ചവടം നടത്തുന്ന ആറാം വാര്‍ഡ് കാസിംവയല്‍ അബ്ദുള്‍ അഹമ്മദ് തന്റെ കടയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ വൈദ്യുതി ഓഫീസിന്റെ ആവശ്യ പ്രകാരം നഗരസഭയില്‍ നിന്ന് 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
 
എന്‍.ഒ.സി. നല്‍കാന്‍ 3000 രൂപ വേണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കട ഉടമസ്ഥന്‍ ഊട്ടി വിജിലന്‍സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഡിവൈ.എസ്.പി. ദക്ഷിണാമൂര്‍ത്തി, ഇന്‍സ്പെക്ടര്‍ ഗീതാകുമാരി എന്നിവരുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥസംഘം പ്രത്യേക പൗഡര്‍ പൂശിയ 2,500 രൂപയുടെ ഏതാനും നോട്ടുകള്‍ അബ്ദുള്‍അഹമ്മദിന് നല്‍കി നിരീക്ഷിക്കുകയായിരുന്നു.
 
ഉദ്യോഗസ്ഥന്‍ പണം വാങ്ങിയ ഉടനെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി. തുടര്‍ന്ന് ഇതു സംബന്ധിച്ച രേഖകളും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത ശേഷം അറസ്റ്റുചെയ്തു. കൂനൂരിലുള്ള ഇയാളുടെ വീട് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.