മലപ്പുറം: കെട്ടിടയുടമയില്‍നിന്ന് 60,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വില്‍പനനികുതി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. മലപ്പുറം വില്‍പന നികുതി ഇന്റലിജന്‍സ് ഓഫീസര്‍ കെ. മോഹനന്‍, ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്.

Bribery
പ്രതീകാത്മക ചിത്രം

വിജിലന്‍സ് കോഴിക്കോട് നോര്‍ത്ത് റെയ്ഞ്ച് പോലീസ് സൂപ്രണ്ട് ഉമ ബെഹ്‌റയ്ക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്നാണ് നടപടി. ഡിവൈ.എസ്.പി. അശ്വകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം സിവില്‍സ്റ്റേഷനിലെ ഓഫീസില്‍നിന്നാണ് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തത്. പ്രതികളില്‍നിന്ന് 60,000 രൂപ വിജിലന്‍സ് കണ്ടെടുത്തു.

മലപ്പുറം ചെനക്കലങ്ങാടി സ്വദേശി പൊറോളി മുഹമ്മദാലിയില്‍നിന്നാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. ചേളാരിയില്‍ കെട്ടിടനിര്‍മാണത്തിന് എത്തിച്ച സാധനങ്ങളുടെ ബില്ല് ഇവര്‍ ആവശ്യപ്പെട്ടു. ബില്ലില്ലാത്ത മണലിനും മെറ്റലിനും മൂന്നു ലക്ഷംരൂപ നികുതി അടയ്ക്കണമെന്നായിരുന്നു നിര്‍ദേശം. കൈക്കൂലി തന്നാല്‍ 1,58,800 രൂപകൊണ്ട് തീര്‍പ്പാക്കിത്തരാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുഹമ്മദാലി വിജിലന്‍സിന് വിവരംനല്‍കി. തുടര്‍ന്ന് കോഴിക്കോട് റെയ്ഞ്ച് വിജിലന്‍സ് സംഘം വെള്ളിയാഴ്ച മലപ്പുറത്തെ ഓഫീസിലെത്തി പൊടിവിതറിയ നോട്ടുകള്‍ നല്‍കി. പണം കൈപ്പറ്റിയ ഇരുവരെയും ഓഫീസില്‍വെച്ചുതന്നെ പിടികൂടി. ഇവരുടെ മുണ്ടുപറമ്പിലെയും വേങ്ങരയിലെയും താമസസ്ഥലത്തും വിജിലന്‍സ് സംഘം പരിശോധന നടത്തി.