കാസര്‍കോട്: മോട്ടോര്‍വാഹന വകുപ്പ് ഓഫീസില്‍ ഒരു ഏജന്റിന്റെ കൈയില്‍നിന്ന് വിജിലന്‍സ് പിടിച്ചത് 1,97,720 രൂപ! കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ കാമ്പൗണ്ടിനുളളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിനുള്ളില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയ്ക്കിടെയാണ് കൈക്കൂലി വിജിലന്‍സ് കൈയോടെ പിടിച്ചത്. കഴിഞ്ഞ രണ്ടാഴ്ചത്തെ തുകയാണിതെന്ന് പിടിയിലായ ഏജന്റ് സുരേഷ് കേളുഗുഡ്ഡെ മൊഴിനല്‍കിയതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
ആര്‍.ടി. ഓഫീസിലെ വിവിധ സേവനങ്ങള്‍ക്കും ഡ്രൈവിങ് ടെസ്റ്റിനും ഡ്രൈവിങ് സ്‌കൂളുകള്‍വഴി അപേക്ഷിച്ചവരില്‍നിന്ന് ശേഖരിച്ച തുകയാണിതെന്നും ഏജന്റ് മൊഴിനല്‍കി. നഗരത്തിലേതുള്‍പ്പെടെ വിവിധ ഡ്രൈവിങ് സ്‌കൂളുകളുടെ പേരെഴുതി പണം കെട്ടിവെച്ച കടലാസ് പൊതിയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
നേരത്തേ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കഴിഞ്ഞദിവസം ആര്‍.ടി. ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയത്. വേഷംമാറിയെത്തിയ വിജിലന്‍സ് സംഘം ഉച്ചമുതല്‍ ഓഫീസില്‍ പലയിടത്തായി തങ്ങി ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. വൈകുന്നേരം 4.40-ഓടെ പണമടങ്ങിയ പൊതിയുമായി ഓഫീസില്‍ എത്തിയപ്പോഴാണ് ഏജന്റിനെ വിജിലന്‍സ് പിടികൂടിയത്.
വിജിലന്‍സ് ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അദ്ദേഹത്തിനൊപ്പം കളക്ടറേറ്റിലെ ഹുസ്സൂര്‍ ശിരസ്തദാര്‍ കെ. മുരളീധരന്‍, ഇന്‍സ്‌പെക്ടര്‍ വി.ഉണ്ണിക്കൃഷ്ണന്‍, എസ്.ഐ. മാരായ ശശിധരന്‍ പിള്ള, കെ.രമേശന്‍, എ.എസ്.ഐ. മാരായ വി.ടി.സുഭാഷ്ചന്ദ്രന്‍, സി.വി.മധുസൂതനന്‍, എം.സന്തോഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി.സുരേശന്‍, പി.കെ.രഞ്ജിത്ത്കുമാര്‍, വി.രാജീവന്‍, കെ.വി.ജയന്‍, ടി.കൃഷ്ണന്‍, പ്രിയ കെ. നായര്‍, കെ.ഷീബ എന്നിവരും പങ്കെടുത്തു
Content Highlights: bribe money seized from rt office kasargod