ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ 19കാരിയെ ആൺ സുഹൃത്ത് വെടിവെച്ചു കൊന്നു. വിവാഹം കഴിക്കാം എന്ന വാക്ക് പാലിച്ചില്ലെന്ന് പറഞ്ഞാണ് രാജ്നീഷ് എന്ന യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.

പെൺകുട്ടിയും സഹോദരനും ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. കിഴക്കേ ഫത്തേഗഞ്ചിൽ നിന്ന് അവശ്യ സാധനങ്ങളുമായി വീട്ടിലേക്ക് പോകുന്ന വഴി രാജ്നീഷ് പെൺകുട്ടിയേയും സഹോദരനേയും സമീപിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ ചവിട്ടുകയായിരുന്നു. ബൈക്കിനൊപ്പം നിലത്ത് വീണ സഹോദരന്റെ അരികിൽ നിന്ന് പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ടു പോവുകയും വസ്ത്രങ്ങൾ വലിച്ചു കീറിയ ശേഷം വെടിയുതിർക്കുകയുമായിരുന്നു. പ്രതി അഞ്ച് പ്രവാശ്യം പെൺകുട്ടിയുടെ നേരെ വെടിയുതിർത്തുവെന്ന് സഹോദരൻ പറയുന്നു.

സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച ആയുധവും രാജ്നീഷ് പോലീസിന് കൈമാറി.

പെൺകുട്ടിയുടെ അടിവയറ്റിലും കഴുത്തിലുമാണ് വെടിയേറ്റത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ പെൺകുട്ടി മരിച്ചു. പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഐപിസി സെക്ഷൻ 302, സെക്ഷൻ 504 തുടങ്ങിയ വകുപ്പുകൾ ചേർത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 

രാജ്നീഷുമായുള്ള ബന്ധത്തിൽ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ കല്യാണം വീട്ടുകാർ നിശ്ചയിക്കുകയും ചെയ്തിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Breaking promise of getting married, youth shoots her at point-blank range