സാവോ പോളോ(ബ്രസീല്‍): മൂന്നാമത്തെ കുഞ്ഞിനെ ചൊല്ലിയുള്ള ദമ്പതിമാരുടെ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ ആറാഴ്ച നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ഭര്‍ത്താവ് കുറ്റംസമ്മതിച്ചത്. സാവോ പോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു ദാരുണസംഭവം. 

22 വയസ്സുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 22-ന് രാത്രി ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ അറൗജോ(21)യാണ് ഫ്രാന്‍സിനെ ക്രൂരമായി കൊലപ്പെടുത്തിയത്. 

നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാന്‍സിന്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം. ഇത്രയും ചെറിയ പ്രായത്തില്‍ മൂന്നുകുട്ടികളുടെ അച്ഛനാവുന്നതിന്റെ ജാള്യതയായിരുന്നു കൊലപാതകത്തിന് കാരണം. മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ടുകളും അറൗജോയെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചു. 

ഫ്രാന്‍സിന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ സംഭവദിവസം രാത്രി ദമ്പതിമാര്‍ തമ്മില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മൂന്നാമത്തെ കുഞ്ഞ് വേണ്ടെന്ന് അറൗജോ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഫ്രാന്‍സിന്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തു. അല്പസമയത്തിനുശേഷം വഴക്ക് അവസാനിക്കുകയും ദമ്പതിമാര്‍ കിടപ്പുമുറിയിലേക്ക് പോവുകയും ചെയ്തു. പിന്നീട് രാത്രിയില്‍ ലൈംഗികബന്ധത്തിനിടെയാണ് അറൗജോ ഭാര്യയെ കൊലപ്പെടുത്തിയത്.

മുറിയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഇതിനുശേഷം അറൗജോ സ്വയം ദേഹത്ത് മുറിവേല്‍പ്പിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചായിരുന്നു അറൗജോ കൈത്തണ്ടയിലും കഴുത്തിലും മുറിവേല്‍പ്പിച്ചത്. എന്നാല്‍ ഇരുവരെയും കിടപ്പമുറിയില്‍ കണ്ടെത്തുമ്പോള്‍ അറൗജോ മരിച്ചിരുന്നില്ല. 

പരിക്കേറ്റിരുന്ന അറൗജോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏകദേശം ആറാഴ്ചയോളം നീണ്ട ചോദ്യംചെയ്യലിലാണ് ഇയാള്‍ പൂര്‍ണമായും കുറ്റം സമ്മതിച്ചത്. 

Content Highlights: brazil youth killed his pregnant wife because he does not need third child