ന്യൂഡല്‍ഹി: ഏറെ വിവാദമായ ബോയ്‌സ് ലോക്കര്‍ റൂം കേസില്‍ പുതിയ ട്വിസ്റ്റ്. ബോയ്‌സ് ലോക്കര്‍ റൂമിന്റെ സ്‌നാപ്ചാറ്റ് ഗ്രൂപ്പ് ചാറ്റുകളെന്ന പേരില്‍ പ്രചരിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് കേസില്‍ അറസ്റ്റിലായവരുമായി ബന്ധമില്ലെന്ന് പോലീസ്. സ്‌നാപ്ചാറ്റിലെ അശ്ലീല ചാറ്റുകള്‍ക്ക് പിന്നില്‍ ഒരു പെണ്‍കുട്ടിയാണെന്നും  സിദ്ധാര്‍ഥ് എന്ന പേരില്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് പെണ്‍കുട്ടി ഇത്തരം സന്ദേശങ്ങള്‍ സ്‌നാപ്ചാറ്റ് ഗ്രൂപ്പില്‍ പങ്കുവെച്ചതെന്നും പോലീസ് കണ്ടെത്തി. നേരത്തെ ഇന്‍സ്റ്റഗ്രാമിലെ ബോയ്‌സ് ലോക്കര്‍ റൂം ചാറ്റ് ഗ്രൂപ്പുകള്‍ സ്‌നാപ്ചാറ്റിലും സജീവമാണെന്നും അവരുടെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണെന്ന പേരിലും ഇതെല്ലാം പ്രചരിച്ചിരുന്നു. 

സഹപാഠിയായ വിദ്യാര്‍ഥിയുടെ വ്യക്തിത്വം മനസിലാക്കാനും അവന്‍ എങ്ങനെ പെരുമാറുമെന്ന് അറിയാനുമാണ് വ്യാജ ഐഡിയുണ്ടാക്കി പെണ്‍കുട്ടി ചാറ്റ് ചെയ്തത്. സ്‌നാപ്ചാറ്റിലൂടെയുള്ള ചാറ്റിങ്ങില്‍ സിദ്ധാര്‍ഥ് എന്ന പേരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളാണ് പെണ്‍കുട്ടി ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ സിദ്ധാര്‍ഥ് എന്ന ഐഡിയില്‍ നിന്ന് അയച്ച ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സുഹൃത്തായ ആണ്‍കുട്ടി സൂക്ഷിച്ചുവെയ്ക്കുകയും സുഹൃത്തുക്കള്‍ക്ക് അയക്കുകയും ചെയ്തു. വ്യാജ ഐഡിയുണ്ടാക്കിയ പെണ്‍കുട്ടിക്കും ഇതേ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ചുനല്‍കിയിരുന്നു. എന്നാല്‍ ഈ സ്‌ക്രീന്‍ഷോട്ടുകളാണ് ബോയ്‌സ് ലോക്കര്‍ റൂം എന്ന പേരില്‍ പിന്നീട് ചിലര്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചത്. 

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ് സംഘം പെണ്‍കുട്ടിയില്‍നിന്നും മൊഴി രേഖപ്പെടുത്തി. ആ ചാറ്റുകള്‍ തന്റെ വ്യാജ ഐഡിയില്‍നിന്ന് അയച്ചതാണെന്ന് പെണ്‍കുട്ടി പോലീസിനോട് സമ്മതിക്കുകയും ചെയ്തു. 

അതേസമയം, ഇന്‍സ്റ്റഗ്രാമിലെ ബോയ്‌സ് ലോക്കര്‍ റൂം ഗ്രൂപ്പ് ചാറ്റുകളുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിനെ ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗ്രൂപ്പില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ അംഗങ്ങളായ മറ്റ് വിദ്യാര്‍ഥികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

Content Highlights: boys locker room chat room; snap chat fake id by girl