ന്യൂഡല്‍ഹി: ആണ്‍സുഹൃത്തുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്ത സഹോദരിക്ക് നേരേ 17-കാരന്‍ വെടിയുതിര്‍ത്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സലൂണ്‍ ജീവനക്കാരനാണ് സഹോദരിയെ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്. വയറിന് വെടിയേറ്റ 16-കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമായിരുന്നു സംഭവം. 

പെണ്‍കുട്ടി ആണ്‍സുഹൃത്തിനോട് പതിവായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്യുന്നതിനെ സഹോദരന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെ പെണ്‍കുട്ടി വാട്‌സാപ്പ് ചാറ്റിങ്ങും ഫോണ്‍വിളിയും തുടര്‍ന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടി ചാറ്റ് ചെയ്യുന്നത് സഹോദരന്‍ കാണുകയും ഇതേച്ചൊല്ലി വഴക്കിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സഹോദരിക്ക് നേരേ വെടിയുതിര്‍ത്തത്. വെടിയേറ്റ് വീണ പെണ്‍കുട്ടിയെ മാതാപിതാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.  

നാല് മാസം മുമ്പ് മരിച്ച സുഹൃത്താണ് തനിക്ക് തോക്ക് നല്‍കിയതെന്നാണ് 17-കാരന്‍ നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സലൂണ്‍ ജീവനക്കാരനായ 17-കാരന്‍ ജോലിക്കൊപ്പം ഓപ്പണ്‍ സ്‌കൂള്‍ വഴി പഠനവും തുടര്‍ന്നിരുന്നു. വെടിയേറ്റ സഹോദരി നേരത്തെ പഠനം അവസാനിപ്പിച്ചതാണ്. 

Content Highlights: boy shoots sister over whatsapp chatting with male friend