മൈസൂരു: ചാമരാജനഗറില്‍ ട്രാക്ടര്‍ പാഞ്ഞുകയറി അഞ്ചുവയസ്സുകാരന്‍ മരിച്ചു. അപകടത്തെത്തുടര്‍ന്ന് രക്ഷപ്പെട്ട ട്രാക്ടര്‍ ഡ്രൈവര്‍ കീടനാശിനി കഴിച്ച് ജീവനൊടുക്കി. ഗുണ്ടല്‍പേട്ട് താലൂക്കിലെ സാവകനഹള്ളിപാളയ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ മുദ്ദ-നാഗമണി ദമ്പതിമാരുടെ മകന്‍ ഹര്‍ഷ, ഡ്രൈവര്‍ സുനില്‍ (28) എന്നിവരാണ് മരിച്ചത്.

ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള സ്ഥലം ക്രിക്കറ്റ് കളിക്കാനായി നിരപ്പാക്കാന്‍ ഏതാനും യുവാക്കള്‍ മൂന്നു ട്രാക്ടറുകള്‍ വിളിച്ചുവരുത്തിയിരുന്നു. സ്ഥലം നിരപ്പാക്കുന്നതു കാണാന്‍ ഹര്‍ഷയും പോയി. ഇതിനിടെ സുനില്‍ ഓടിച്ചിരുന്ന ട്രാക്ടര്‍ ഹര്‍ഷയുടെ ദേഹത്തേക്ക് പാഞ്ഞുകയറി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

അപകടം നടന്നയുടന്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട സുനില്‍ മൈസൂരുവിലെ വിജയനഗര്‍ മൂന്നാം സ്റ്റേജിലുള്ള സഹോദരന്റെ വീട്ടിലെത്തി കീടനാശിനി കഴിക്കുകയായിരുന്നു. കുഴഞ്ഞുവീണ സുനിലിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)