കൊളറാഡോ: മൂന്ന് ലിറ്റര്‍ വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിച്ചതിനെ തുടര്‍ന്ന് 11 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. യുഎസിലെ കൊളറാഡോ ബ്ലാക്ക് ഫോറസ്റ്റ് സ്വദേശികളായ റയാന്‍ (41) താര സാബിന്‍ (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം, കുട്ടികള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. റയാന്റെ 11 വയസ്സുള്ള മകന്‍ സാഖറിയാണ് അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. മതിയായ അളവില്‍ വെള്ളം കുടിക്കാതിരുന്ന സാഖറിയെ നിര്‍ബന്ധിച്ച് മൂന്ന് ലിറ്റര്‍ വെള്ളം കുടിപ്പിക്കുകയായിരുന്നു. നാല് മണിക്കൂറിനിടെയാണ് കുട്ടി ഇത്രയും വെള്ളം കുടിച്ചത്. പതിവായി കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടി മതിയായ അളവില്‍ വെള്ളം കുടിക്കാത്തതിനാല്‍ മൂത്രത്തിന് വളരേയേറെ ദുര്‍ഗന്ധമുണ്ടായിരുന്നു. ഇതിനാല്‍ കുട്ടിയെ കൊണ്ട് വെള്ളം കുടിപ്പിക്കുകയാണെന്ന് താര സാബിന്‍ റയാനെ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. തുടര്‍ന്ന് റയാന്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടി ഛര്‍ദിക്കുന്നതാണ് കണ്ടത്. അവശനായ കുട്ടി നിലത്തുവീണു.
എന്നാല്‍ റയാന്‍ മകനെ ചവിട്ടുകയും കുട്ടിയെ കൈയിലെടുത്ത് വലിച്ചെറിയുകയും ചെയ്തു. പിന്നീട് രാത്രി മറ്റു കുട്ടികള്‍ക്കൊപ്പമാണ് കുട്ടിയെ കിടത്തിയത്. എന്നാല്‍ പിറ്റേദിവസം രാവിലെ നോക്കുമ്പോള്‍ മകന്‍ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടതെന്നും റയാന്‍ പോലീസിനോട് പറഞ്ഞു. അമിതമായി വെള്ളം കുടിച്ചതിനാല്‍ സോഡിയം അളവ് കുറഞ്ഞാകും കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വാര്‍ത്ത അയച്ചത്: പി.പി. ചെറിയാന്‍
Content Highlights: boy dies after parents allegedly forced him to drink more water, parents arrested