ബെംഗളൂരു: അച്ഛന്‍ ശാസിച്ചതിന് 16-കാരന്‍ തൂങ്ങിമരിച്ചു. വിവരമറിഞ്ഞെത്തിയ സഹോദരിയും മണിക്കൂറുകള്‍ക്കുള്ളില്‍ ജീവനൊടുക്കി. കര്‍ണാടകയിലെ ഹാവേരിയിലെ ബേഡഗിയിലാണ് ദാരുണസംഭവം. ബേഡഗി സ്വദേശി ചന്ദ്രു ചാലവാഡിയുടെ മക്കളായ നാഗരാജ്(16) ഭാഗ്യലക്ഷ്മി(18) എന്നിവരാണ് മരിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ നാഗരാജിനെ കഴിഞ്ഞദിവസം അച്ഛന്‍ ശാസിച്ചിരുന്നു. സ്ഥിരമായി ക്ലാസില്‍ പോകാത്തതിനും പഠിക്കാത്തതിനുമാണ് ശാസിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് വെള്ളിയാഴ്ച രാവിലെ നാഗരാജ് കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട്ടുകാരെത്തി കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

സഹോദരന്‍ മരിച്ചവിവരമറിഞ്ഞാണ് പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ ഭാഗ്യലക്ഷ്മി താലൂക്ക് ആശുപത്രിയിലെത്തിയത്. സഹോദരന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി ഉടന്‍ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് നാഗരാജ് ജീവനൊടുക്കിയ അതേ സ്ഥലത്ത്, അതേ സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. സംഭവസമയം വീട്ടുകാരെല്ലാം ആശുപത്രിയിലായതിനാല്‍ ആരും വിവരമറിഞ്ഞില്ല. പിന്നീട് നാഗരാജിന്റെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോഴാണ് ഭാഗ്യലക്ഷ്മിയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. 

മകന്‍ ഒരിക്കലും ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു അച്ഛനായ ചന്ദ്രു പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞത്. 'ഒരു പിതാവ് സാധാരണ ഉപദേശിക്കുന്നത് പോലെ മാത്രമാണ് അവനോട് കാര്യങ്ങള്‍ പറഞ്ഞത്. ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് കരുതിയില്ല. മകള്‍ക്ക് അവനെ വളരെ ഇഷ്ടമായിരുന്നു. അവനില്ലാതെ ജീവിക്കുന്നത് അവള്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അവളും അവനെ പിന്തുടരുകയായിരുന്നു. ഞങ്ങള്‍ക്ക് രണ്ടുമക്കളെയും നഷ്ടപ്പെട്ടു'- ചന്ദ്രു പറഞ്ഞു. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി ബേഡഗി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാസവരാജ് അറിയിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: boy commits suicide in karnataka after few hours his sister also dies by suicide