ഭോപ്പാൽ: അടിവസ്ത്രങ്ങൾ മോഷ്ടിച്ചതിന് അയൽക്കാരായ ദമ്പതിമാർ മുറിയിൽ പൂട്ടിയിട്ട 17-കാരൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ഭോപ്പാൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

അടിവസ്ത്രങ്ങൾ മോഷ്ടിച്ചതിനാണ് 17 വയസ്സുകാരനെ അയൽക്കാരായ ദമ്പതിമാർ മുറിയിൽ പൂട്ടിയിട്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്നപ്പോഴാണ് 17-കാരനെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 17-കാരന്റെ ബന്ധുക്കളുടെ പരാതിയിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രവി, ഇയാളുടെ ഭാര്യ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണാക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് ഭോപ്പാലിലെ ബന്ധുവിന്റെ വീട്ടിലെത്തിയ 17-കാരൻ അയൽക്കാരനായ രവിയുടെ വീട്ടിൽനിന്ന് അടിവസ്ത്രങ്ങൾ മോഷ്ടിച്ചത്. രവിയും ഭാര്യയും ഇത് കണ്ടതോടെ 17-കാരൻ ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറുകയും മുറിയിലേക്ക് പോവുകയും ചെയ്തു. പിന്തുടർന്നെത്തിയ രവിയും ഭാര്യയും 17-കാരൻ കയറിയ മുറി പുറത്തുനിന്ന് പൂട്ടിയിട്ടു. തുടർന്ന് ഗാന്ധിനഗർ പോലീസിനെയും കുട്ടിയുടെ ബന്ധുവിനെയും വിവരമറിയിച്ചു. എന്നാൽ പോലീസെത്തി മുറി തുറന്നപ്പോഴേക്കും 17-കാരൻ തൂങ്ങിമരിച്ചിരുന്നു.

സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ദമ്പതിമാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തണമെന്നും പോലീസ് പറഞ്ഞു. 17-കാരൻ മോഷ്ടിച്ച അടിവസ്ത്രങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകി. ദമ്പതിമാർക്കെതിരേ കേസെടുത്താൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളൂവെന്നായിരുന്നു കുട്ടിയുടെ ബന്ധുക്കളുടെ നിലപാട്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഇവർ മൃതദേഹം ഏറ്റുവാങ്ങിയത്.

അതേസമയം, ഇത്തരം സാഹചര്യത്തിൽ ഏതൊരാളും ചെയ്യുന്ന കാര്യങ്ങളാണ് രവിയും ഭാര്യയും ചെയ്തതെന്നും ഇതിന്റെ പേരിൽ ദമ്പതിമാരെ ഉപദ്രവിക്കുകയാണെന്നും അവരുടെ ബന്ധുക്കൾ ആരോപിച്ചു. അടിവസ്ത്രങ്ങൾ മോഷ്ടിച്ചശേഷം ഓടിരക്ഷപ്പെട്ട് മുറിയിൽ കയറിയപ്പോൾ ആ മുറി പുറത്തുനിന്ന് പൂട്ടിയിടുക മാത്രമാണ് അവർ ചെയ്തത്. പ്രതിയെ പോലീസിന് കൈമാറുക മാത്രമായിരുന്നു ഉദ്ദേശ്യം. ഇതിന്റെ പേരിലാണ് അവരെ ഉപദ്രവിക്കുന്നതെന്നും ദമ്പതിമാരുടെ ബന്ധുക്കളിലൊരാൾ പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:boy commits suicide after couple locks him up in a room for stealing undergarments