തിരുച്ചിറപ്പള്ളി:  ഭക്ഷണസാധനമാണെന്ന് കരുതി സ്‌ഫോടക വസ്തു കടിച്ച ആറ് വയസ്സുകാരന്‍ കൊല്ലപ്പെട്ടു. തമിഴ്‌നാട് തൊട്ടിയം അളകറായി സ്വദേശി ഭൂപതിയുടെ മകന്‍ വിഷ്ണുദേവാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. 

പിതാവിന്റെ സഹോദരന്‍ ഗംഗാധരന്റെ വീട്ടിലെത്തിയ വിഷ്ണു ദേവ് പലഹാരമാണെന്ന് കരുതി സ്‌ഫോടക വസ്തു കടിച്ചതോടെയാണ് പൊട്ടിത്തെറിച്ചത്. വായിലും മുഖത്തും മാരകമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. സംഭവം രഹസ്യമാക്കിവെച്ച കുടുംബം അന്ന് രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ മുസിരി ഡിവൈഎസ്പി കെ.കെ. സെന്തില്‍കുമാറിന് സംഭവത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മരണകാരണം വ്യക്തമായത്. 

ഭൂപതിയുടെ സഹോദരന്‍ ഗംഗാധരന്‍ മീന്‍ പിടിക്കാനായി കൊണ്ടുവന്ന സ്‌ഫോടക വസ്തുവാണ് കുട്ടി അബദ്ധത്തില്‍ കടിച്ചതെന്ന് പോലീസ് പറഞ്ഞു. സമീപത്തെ ക്വാറി മാനേജറില്‍നിന്ന് രണ്ട് സ്റ്റിക്കുകളാണ് ഇയാള്‍ വാങ്ങിയത്. ഇതില്‍ ബാക്കിവന്നത് വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് ഭക്ഷണസാധനമാണെന്ന് തെറ്റിദ്ധരിച്ച് ആറ് വയസ്സുകാരന്‍ കടിച്ചുനോക്കിയത്. കടിച്ചയുടന്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. 

സംഭവത്തില്‍ ഗംഗാധരന്‍ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ കുട്ടിയുടെ പിതാവ് ഭൂപതിയും ബന്ധുവായ തമിഴരസനും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. 

Content Highlights: boy bites explosives by mistake, killed in tamilnadu