കണ്ണൂര്‍: ആറളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് നാടന്‍ബോംബുകള്‍ കണ്ടെത്തി. ശുചീകരണത്തിനിടെ പെണ്‍കുട്ടികളുടെ ശൗചാലയത്തില്‍നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് ബോംബുകള്‍ നിര്‍വീര്യമാക്കി. 

ക്ലാസുകള്‍ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ ആറളം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കണ്ണൂരില്‍നിന്നുള്ള ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി.

കണ്ടെത്തിയ ബോംബുകള്‍ക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്. സ്‌കൂള്‍ പരിസരത്തും സമീപപ്രദേശങ്ങളിലും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തി. 

Content Highlights: bombs found from aralam higher secondary school kannur