മുംബൈ:  ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. ഇവര്‍ തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളില്‍ കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്നും ബോംബെ ഹൈക്കോടതി ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.

പ്രതികള്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്‌തെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും ഹാജരാക്കാനായിട്ടില്ല. പ്രോസിക്യൂഷന് ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ ഒരേ കപ്പലില്‍ യാത്രചെയ്തു എന്നതിനാല്‍ ഗൂഢാലോചനാക്കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ജാമ്യം നല്‍കിയതിന്റെ കാരണം വിശദീകരിച്ചുള്ള ഉത്തരവില്‍ പറയുന്നു. എന്‍.സി.ബി. രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴികള്‍ വിശ്വസിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്. 

ഒക്ടോബര്‍ 28-നാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയായിരുന്നു ജാമ്യം. ഷാരൂഖ് ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയായിരുന്നു ആര്യന് വേണ്ടി ആള്‍ജാമ്യംനിന്നത്.  

ഒക്ടോബര്‍ മൂന്നിനാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ അടക്കമുള്ളവരെ എന്‍.സി.ബി. അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എന്‍.സി.ബി. കസ്റ്റഡിയില്‍ ദിവസങ്ങളോളം ചോദ്യംചെയ്തു. പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ആര്‍തര്‍ റോഡ് ജയിലിലടച്ചു. ഇതിനിടെ, സെഷന്‍സ് കോടതിയിലും എന്‍.ഡി.പി.എസ്. പ്രത്യേകകോടതിയിലും ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ജാമ്യംതേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ദിവസങ്ങള്‍ നീണ്ട വാദത്തിനൊടുവിലാണ് ആര്യന്‍ ഖാനും മറ്റ് രണ്ട് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 30-ന് ആര്യന്‍ ജയില്‍മോചിതനാവുകയും ചെയ്തു. 

ആര്യനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) വാദിച്ചിരുന്നത്. ആര്യന്‍ ലഹരി ഇടപാടുകളില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിനായി ചാറ്റ് ചെയ്തുവെന്നും എന്‍.സി.ബി സംഘം കോടതിയെ അറിയിച്ചിരുന്നു. ജയിലില്‍ കഴിയുന്ന ആര്യനെ ഒരു കാരണവശാലും കേസില്‍ ജാമ്യം നല്‍കി പുറത്തുവിടരുതെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. ആര്യന്‍ ഖാന് ലഹരി ഇടപാടുകളില്‍ നേരിട്ട് പങ്കുണ്ടെന്നും വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നുമാണ് എന്‍.സി.ബി വാദിച്ചിരുന്നുന്നത്. 

Content Highlights: bombay high court order on aryan khan bail