കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ്. വിക്രാന്ത് ബോംബിട്ടു തകര്‍ക്കുമെന്ന് ഇ-മെയില്‍ വഴി ഭീഷണി. നിര്‍മാണം പുരോഗമിക്കുന്ന കൊച്ചി കപ്പല്‍ശാലയിലേക്കാണ് സന്ദേശമെത്തിയത്. കപ്പല്‍ശാലയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് ഐ.ടി. നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞമാസം 24-നാണ് അഞ്ച് ഉദ്യോഗസ്ഥരുടെ ഇ-മെയിലേക്ക് ആദ്യം സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്ന് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് അടക്കം കപ്പല്‍ശാലയിലും വിക്രാന്തിലും പരിശോധന നടത്തിയിരുന്നു. സുരക്ഷയും ശക്തമാക്കി. ഇതിനിടെയാണ് വ്യാജ ഐ.ഡി.യില്‍നിന്നു വീണ്ടും ഭീഷണിസന്ദേശമെത്തിയത്. വിക്രാന്ത് കഴിഞ്ഞമാസം സമുദ്രപരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയിരുന്നു.

വിക്രാന്തിന്റെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞ് കപ്പല്‍ശാലയില്‍ നടക്കുന്ന മൂന്നാമത്തെ അസ്വാഭാവിക സംഭവമാണിത്. നേരത്തേ കപ്പലിലെ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയിരുന്നു. പിന്നീട് കപ്പല്‍ശാലയില്‍ ആള്‍മാറാട്ടം നടത്തി ജോലിചെയ്ത അഫ്ഗാന്‍സ്വദേശിയെ അറസ്റ്റുചെയ്തു.