തൃശ്ശൂര്‍: കളക്ടറേറ്റ്‌കെട്ടിടം ബോംബുവെച്ചുതകര്‍ക്കുമെന്ന് വ്യാജഭീഷണിമുഴക്കിയ ആള്‍ പോലീസ് പിടിയില്‍. ഗുരുവായൂര്‍ നെന്മിനിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശ്ശൂര്‍ പുല്ലഴി കോഴിപ്പറമ്പില്‍ സജീവ(51)നെയാണ് ടൗണ്‍ വെസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. റെമിന്‍ അറസ്റ്റ് ചെയ്തത്. കെട്ടിടം പെട്രോള്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ടോള്‍ ഫ്രീ നമ്പറായ 112-ലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇയാളുടെ മൊബൈല്‍ഫോണില്‍നിന്നുതന്നെയാണ് വിളിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഫോണ്‍കോള്‍ ലഭിച്ച ഉടനെ തിരുവനന്തപുരത്തെ കണ്‍ട്രോള്‍റൂമില്‍നിന്ന് ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൈമാറുകയായിരുന്നു.തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് ബോംബുഭീഷണി വ്യാജമാണെന്നു മനസ്സിലാക്കിയത്.

സജീവനെതിരേ ഒട്ടേറെ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.