കോഴിക്കോട്: വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് ഒരാളെ അറസ്റ്റുചെയ്തു. മലപ്പുറം വളാഞ്ചേരി നടുവട്ടം സ്വദേശി ടി.പി. അബ്ദുള്‍ ഷഫീഖിനെ (20) ആണ് അറസ്റ്റുചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ '112' നമ്പറിലേക്ക് വിളിച്ച് മെഡിക്കല്‍ കോളേജില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പ്രതി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍നിന്ന് വിവരമറിയിച്ചപ്രകാരം പരിശോധന നടത്തുകയായിരുന്നു.

ഡി.സി.പി.യുടെ മേല്‍നോട്ടത്തില്‍, മെഡിക്കല്‍ കോളേജ് എ.സി.പി. കെ. സുദര്‍ശന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ്, കുന്ദമംഗലം, പന്നിയങ്കര പോലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തി. ആശുപത്രിക്കുപുറത്തും അകത്തും വിശദമായി നടത്തിയ പരിശോധന തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അവസാനിച്ചത്.

മലപ്പുറത്തെ വീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. വേറെയൊരാള്‍ മെസേജ് അയച്ചെന്നും അത് ഡിലീറ്റ് ചെയ്തശേഷമാണ് പോലീസിലേക്ക് വിളിച്ചതെന്നുമാണ് ഇയാള്‍ മൊഴിനല്‍കിയത്. കേസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലു അറിയിച്ചു.

പരിശോധന നടത്തിയത് ഏറെ കരുതലോടെ

മെഡിക്കല്‍ കോളേജ് ആയതിനാല്‍ വളരെയധികം കരുതലോടെയാണ് പോലീസ് പരിശോധന നടത്തിയത്. രോഗികളോ ബന്ധുക്കളോ മറ്റോ അറിഞ്ഞാലുണ്ടാകുന്ന അവസ്ഥ കണക്കിലെടുത്ത് ആരെയും വിവരമറിയിക്കാതെയാണ് പരിശോധന നടത്തിയത്. സാധാരണയുള്ള നടപടിക്രമത്തിന്റെ ഭാഗമായുള്ള പരിശോധനയാണെന്നാണ് പറഞ്ഞത്. നാലുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.