കൊല്‍ക്കത്ത: ബംഗാളിലെ ബി.ജെ.പി. എം.പി. അര്‍ജുന്‍ സിങ്ങിന്റെ വീടിന് നേരേ ബോംബേറ്. എം.പി.യുടെ കൊല്‍ക്കത്തയ്ക്ക് സമീപം ജഗദ്താലിലെ വീടിന് നേരേ ബുധനാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്ന് പേര്‍ വീടിന് നേരേ മൂന്ന് ബോംബുകള്‍ എറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. 

അതേസമയം, ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. ഡല്‍ഹിയിലായിരുന്ന അര്‍ജുന്‍ സിങ് വിവരമറിഞ്ഞ് കൊല്‍ക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്. 

സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. 

Content Highlights: bomb attack against bjp mp arjun singh's home in bengal