മുംബൈ: ബോളിവുഡ് താരം അര്‍മാന്‍ കോലി ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍. ഞായറാഴ്ച രാവിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യാണ് താരത്തെ അറസ്റ്റ് ചെയ്തത്. അര്‍മാന്‍ കോലിയുടെ വീട്ടില്‍നിന്ന് ചെറിയ അളവില്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തതായും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

നടന്റെ വീട്ടില്‍നിന്ന് പിടികൂടിയ കൊക്കെയ്ന്‍ തെക്കേ അമേരിക്കയില്‍നിന്ന് കൊണ്ടുവന്നതെന്നാണ് സംശയം. അതിനാല്‍ കേസില്‍ അന്താരാഷ്ട്ര ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കടത്തുകാരെ കണ്ടെത്താനും എന്‍.സി.ബി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസവും മുംബൈയില്‍ വന്‍ ലഹരിമരുന്ന് വേട്ട നടന്നിരുന്നു. ടി.വി. താരം ഗൗരവ് ദീക്ഷിത്, കുപ്രസിദ്ധ ലഹരിക്കടത്തുകാരന്‍ അജയ് രാജു സിങ് എന്നിവര്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം പിടിയിലായി. അജയ് രാജുസിങ്ങിനെ ചോദ്യംചെയ്തതില്‍നിന്നാണ് അര്‍മാന്‍ കോലിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് നടന്റെ അന്ധേരിയിലെ വീട്ടില്‍ എന്‍.സി.ബി. സംഘം റെയ്ഡ് നടത്തുകയും കൊക്കെയ്ന്‍ പിടിച്ചെടുക്കുകയുമായിരുന്നു. പിന്നാലെ അര്‍മാന്‍ കോലിയെ സൗത്ത് മുംബൈയിലെ എന്‍.സി.ബി. ഓഫീസിലെത്തിച്ച് ചോദ്യംചെയ്തു. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

സല്‍മാന്‍ ഖാന്‍ നായകനായ 'പ്രേം രത്തന്‍ ധാന്‍ പായോ' ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ അര്‍മാന്‍ കോലി അഭിനയിച്ചിട്ടുണ്ട്. ടി.വി. റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലും പങ്കെടുത്തിരുന്നു.  

Content Highlights: bollywood actor armaan kohli arrested in drug case