ലഖ്നൗ: വീട്ടില്‍നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ ട്രങ്കില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഹാപുര്‍ നഗരത്തിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായ ആറുവയസുകാരിയുടെ മൃതദേഹമാണ് അയല്‍വാസിയുടെ കെട്ടിടത്തിലെ ലോഹ ട്രങ്കില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കെട്ടിട ഉടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതോടെ അക്രമാസക്തരായ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചു. 

വ്യാഴാഴ്ച വൈകുന്നേരമാണ് മകളെ അവസാനമായി കണ്ടതെന്ന് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മകള്‍ തന്നോട് അഞ്ച് രൂപ ചോദിച്ചു. പണം നല്‍കിയപ്പോള്‍ കുറച്ച് സാധനങ്ങള്‍ വാങ്ങണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയി. വൈകുന്നേരം 5.30 ഓടെയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചെത്താതതിനാല്‍ രാത്രി മുഴുവന്‍ കുട്ടിയെ തിരഞ്ഞു. വെള്ളിയാഴ്ച പോലീസില്‍ പരാതി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷണം നല്‍കി അയല്‍വാസി തന്റെ മകളെ കൂട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പിതാവ് പറഞ്ഞു. അയല്‍വാസി ആദ്യം തന്റെ മകളെ മോട്ടോര്‍ബൈക്കില്‍ കയറ്റിക്കൊണ്ടുപോകുന്നതായും പീന്നീട് വീട്ടിലേക്ക് കൊണ്ടുപോകുന്നതും പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെതായും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി ഹാപുര്‍ എസ്പി സര്‍വേഷ് കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പെണ്‍കുട്ടിയെ കാണാതായത് സംബന്ധിച്ച് വെള്ളിയാഴ്ച പോലീസിന് പരാതി ലഭിച്ചിരുന്നുവെന്ന് എസ്പി പറഞ്ഞു. ശനിയാഴ്ച രാവിലെ അയല്‍ക്കാരന്റെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും വാതില്‍ അടച്ചിട്ടനിലയിലായിരുന്നു. തുര്‍ന്ന് പൂട്ട് തകര്‍ത്താണ് സംഘം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചത്. കെട്ടിടത്തിനുള്ളില്‍ നടത്തിയ തിരിച്ചിലില്‍ ട്രങ്കിനുള്ളില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Body of missing girl Found In Trunk In Neighbour's Home in UP