മുംബൈ:  അമ്പതുകാരനെ റെയില്‍വേട്രാക്കിന് സമീപം കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്വവര്‍ഗപങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ മലാദിലെ സലീം അലി അന്‍സാരിയാണ് പോലീസിന്റെ പിടിയിലായത്. നാലുദിവസം മുമ്പ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ രാമേശ്വര്‍ മിശ്ര(50)യും അന്‍സാരിയും സ്വവര്‍ഗാനുരാഗികളാണെന്നും, ഈ ബന്ധത്തിലുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. 

മലാദിലെ ഡയറിഫാമില്‍ ജീവനക്കാരനായ അന്‍സാരിയും കൊല്ലപ്പെട്ട രാമേശ്വര്‍ മിശ്രയും സ്വവര്‍ഗാനുരാഗികളായിരുന്നു. എന്നാല്‍ രാമേശ്വര്‍ മിശ്രയുമായുള്ള ബന്ധം അന്‍സാരിയുടെ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. ഇതിനിടെയാണ് മിശ്രയില്‍നിന്ന്  കടം വാങ്ങിയ 26,000 രൂപയെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്. പണം തിരികെനല്‍കിയില്ലെങ്കില്‍ സ്വവര്‍ഗബന്ധത്തെക്കുറിച്ച് അന്‍സാരിയുടെ കുടുംബാംഗങ്ങളോട് വെളിപ്പെടുത്തുമെന്ന് മിശ്ര ഭീഷണിപ്പെടുത്തിയിരുന്നു. സ്വവര്‍ഗബന്ധം വീട്ടുകാര്‍ അറിയാതിരിക്കണമെങ്കില്‍ എത്രയുംപെട്ടെന്ന് പണംതിരികെ നല്‍കണമെന്നായിരുന്നു മിശ്രയുടെ ആവശ്യം. 

ഓഗസ്റ്റ് 25ന് അന്‍സാരിയും മിശ്രയും റെയില്‍വേട്രാക്കിന് സമീപം ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ മിശ്ര വീണ്ടും അന്‍സാരിയോട് പണം ചോദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും അന്‍സാരി മിശ്രയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. മിശ്രയുടെ മരണം ഉറപ്പുവരുത്തിയ ശേഷം മൃതദേഹം ഓവുചാലിന് സമീപം ഉപേക്ഷിച്ചാണ് അന്‍സാരി പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞത്. 

സംഭവം നടന്ന് പിറ്റേദിവസമാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജി.ആര്‍.പി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് മിശ്രയാണെന്ന് തിരിച്ചറിഞ്ഞു. ഇതിനുപിന്നാലെയാണ് നാലുദിവസത്തിന് ശേഷം കൃത്യം നടത്തിയ അന്‍സാരിയും പിടിയിലായത്.