ന്യൂഡൽഹി: ഡൽഹിയിൽ ആഡംബര കാറുമായി യുവാക്കളുടെ പരാക്രമം. തടയാൻ ശ്രമിച്ച പോലീസുകാരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു. പോലീസുകാരന്റെ ദേഹത്ത് കൂടെ വാഹനം കയറ്റിയിറക്കി. കാലുകളൊടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരിത വിഹാറിൽ ചൊവ്വാഴ്ച അർധരാത്രിയാണ് ഒരു സംഘം കാറുമായി ചീറിപ്പാഞ്ഞത്.

ഡൽഹി പോലീസിലെ കോൺസ്റ്റബിളായ ജിതേന്ദറിനെയാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച അർധരാത്രി 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.

സരിത വിഹാറിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് ഹരിയാണ രജിസ്ട്രേഷനിലുള്ള വെളുത്ത ബി.എം.ഡബ്യൂ കാർ പോലീസുകാരായ ജിതേന്ദറിന്റെയും അങ്കൂറിന്റെയും ശ്രദ്ധയിൽപ്പെടുന്നത്. കാറിന് ചുറ്റും യുവാക്കളും കാറിന് മുകളിൽ ഒരു കേക്കും ഉണ്ടായിരുന്നു. ജന്മദിനാഘോഷത്തിന്റെ പേരിൽ റോഡിൽനിന്ന് ബഹളമുണ്ടാക്കിയ യുവാക്കളോട് അവിടെനിന്ന് പിരിഞ്ഞുപോകണമെന്ന് പോലീസുകാർ ആവശ്യപ്പെട്ടു. തങ്ങൾ ഇവിടെയുള്ളവരാണെന്നും റോഡിൽവെച്ച് തന്നെ ജന്മദിനാഘോഷം നടത്തുമെന്നും പറഞ്ഞ് യുവാക്കൾ പോലീസുകാരോട് തട്ടിക്കയറി. ആർക്കും തങ്ങളെ തടയാൻ അധികാരമില്ലെന്നും ഇവർ പറഞ്ഞിരുന്നു. ഇതോടെ പോലീസുകാർ സരിത വിഹാർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും വാഹനം പിടിച്ചെടുക്കാനായി എമർജൻസി റെസ്പോൺസ് വെഹിക്കിൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് കണ്ടതോടെ യുവാക്കൾ കാറുമായി കടന്നുകളഞ്ഞു. പിന്നാലെ പോലീസും ഇവരെ പിന്തുടർന്നു.

മറ്റൊരു റോഡിൽവെച്ച് പോലീസുകാർ കാറിന് കുറുകെ കടന്നു. റോഡിൽനിന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പോലീസുകാർക്ക് നേരേ കാറോടിച്ച് കയറ്റുകയായിരുന്നു. അപകടം മണത്ത അങ്കൂർ ചാടിമാറിയതിനാൽ രക്ഷപ്പെട്ടു. എന്നാൽ ജിതേന്ദറിനെ വാഹനം ഇടിക്കുകയും കാലുകളിലൂടെ കയറിയിറങ്ങുകയും ചെയ്തു. ഇതിനുശേഷവും നിർത്താതെ കുതിച്ച കാർ ഉമർ മസ്ജിദിന് സമീപത്തെ ഒരു ജ്യൂസ് കടയിൽ ഇടിച്ചാണ് നിന്നത്. പോലീസുകാർ കാറിനെ പിന്തുടർന്നെത്തിയെങ്കിലും കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടിരുന്നു. ഇവിടെവെച്ച് കാറിടിച്ച് മറ്റൊരാൾക്കും പരിക്കേറ്റു.

ഫരീദാബാദ് സ്വദേശിയായ അമിത് ഭദാനയുടെ പേരിലാണ് കാറിന്റെ രജിസ്ട്രേഷനെന്ന് പോലീസ് പിന്നീട് കണ്ടെത്തി. ഇയാളുടെ ബന്ധുവായ കുൽദീപ് ബിദുരിയാണ് വാഹനം ഓടിച്ചിരുന്നതെന്നും പോലീസിന് മനസിലായി. ബിയർ കുപ്പികളും കാറിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. അപകടത്തെ തുടർന്ന് കാറിലെ എയർബാഗുകൾ പുറത്തുവന്നനിലയിലായിരുന്നു. കുൽദീപിന്റെ ജന്മദിനാഘോഷത്തിനാണ് യുവാക്കൾ ഒത്തുചേർന്നതെന്നും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Content Highlights:bmw car ran over delhi policemen