ബെംഗളൂരു: ബസ് വേഗത കുറച്ച് ഓടിച്ചെന്ന കാരണത്താൽ പിന്നാലെയെത്തിയ വാഹനത്തിന്റെ ഡ്രൈവർ ബി.എം.ടി.സി. ബസ് ഡ്രൈവറെ മർദിച്ചു. ബനശങ്കരി ജങ്ഷനിലാണ് സംഭവം. ദീപാഞ്ജലി നഗർ ഡിപ്പോയിലെ ഡ്രൈവർ എസ്.ബി. ചന്നപ്പയ്ക്കാണ് (47) ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റത്.

വിജയനഗർ ഭാഗത്തേക്കുപോകാൻ വലതുഭാഗത്തേക്ക് തിരിയാൻ ശ്രമിക്കുകയായിരുന്നു ചന്നപ്പ. വാഹനത്തിരക്കുള്ളതിനാൽ പതിയെ ആയിരുന്നു ബസ്സോടിച്ചത്. ഈ സമയം പിന്നിലുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവർ ഇറങ്ങിവന്ന് ഇരുമ്പുവടികൊണ്ട് ചന്നപ്പയുടെ കൈക്ക് അടിക്കുകയായിരുന്നു. ബസ് യാത്രക്കാരും മറ്റു വാഹനങ്ങളിലുണ്ടായിരുന്നവരും ഇടപെട്ട് വഴക്ക് തടഞ്ഞു.

ചന്നപ്പ ബസ് സമീപത്തെ ബസ്സ്റ്റാൻഡിലെത്തിച്ചെങ്കിലും പിന്നിലുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവർ ബസ് പിന്തുടർന്ന് വീണ്ടും ചന്നപ്പയെ മർദിച്ചു. ഡ്രൈവറുടെ സുഹൃത്തും മർദിച്ചതായി ചന്നപ്പ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയശേഷമാണ് ചന്നപ്പ ബനശങ്കരി പോലീസിൽ പരാതിനൽകിയത്. മർദിച്ചയാളെ പിടികൂടാൻ ശ്രമിക്കുന്നതായി പോലീസ് പറഞ്ഞു.