അങ്കമാലി: വീടിനു മുന്നിലെ ഗേറ്റില്‍ രക്തമൊഴുകിയതായി കണ്ടത് വീട്ടുകാരെ ആശങ്കയിലാഴ്ത്തി. എടക്കുന്ന് പള്ളിക്ക് സമീപം താമസിക്കുന്ന കല്ലറ ചുള്ളി സി.പി. ജോസിന്റെ വീടിന് മുന്നിലാണ് സംഭവം. രാവിലെ 6.45-ന് കുര്‍ബാനയ്ക്ക് പള്ളിയില്‍ പോകാന്‍ ഇറങ്ങിയ ജോസിന്റെ ഭാര്യ ഡെയ്സിയാണ് ഇത് ആദ്യം കണ്ടത്. ഉടന്‍ നാട്ടുകാരെ വിവരം അറിയിച്ചു. 

കുര്‍ബാന കഴിഞ്ഞ് ജോസ് തിരിച്ചു വന്നപ്പോഴേക്കും വീടിനു മുന്നില്‍ ആള്‍ക്കൂട്ടമായി. ഗേറ്റിന്റെ മുകളില്‍നിന്ന് താഴെവരെ ചോര ഒഴുകിയിരിക്കുന്നു. കുറച്ചു ചോര താഴെ വീണുകിടക്കുന്നുമുണ്ടായിരുന്നു. വാര്‍ഡ് അംഗം അറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

രക്തത്തിന്റെ സാമ്പിള്‍ എടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോയി. ആരെങ്കിലും വെള്ളത്തില്‍ നിറംകലര്‍ത്തി വീട്ടുകാരെ ഭയപ്പെടുത്താന്‍ ചെയ്തതാകാമെന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ഈ വീട്ടില്‍ ജോസും ഭാര്യയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മകന്‍ ജോ പോളുമാണ് താമസം.