ഇരിക്കൂർ: മൂന്നുവർഷം മുൻപ് കല്യാടിനടുത്ത് ഊരത്തൂർപറമ്പിൽനിന്ന് തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തിയ കേസിൽ അസംസ്വദേശി സാദിഖലിയെ (20) പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി കുറ്റംസമ്മതിച്ചതായി ഇരിട്ടി ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാം, ഇരിക്കൂർ സി.ഐ. പി.അബ്ദുൽമുനീർ, എസ്.ഐ. നിതീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാണാതായ അസം സ്വദേശി സയ്യിദ് അലിയുടേതാണ് തലയോട്ടിയെന്ന് ശാസ്ത്രീയപരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് മോഷണക്കേസിൽ ജയിലിൽ കഴിയുന്ന സാദിഖലിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തത്.

മൊബൈൽ ഫോൺ മോഷണക്കേസിൽ ജയിലിൽ കഴിയുന്ന സാദിഖലിയെ ഇരിക്കൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സയ്യിദ് അലിയുടെ മൊബൈൽഫോൺ കവർന്ന കേസിലായിരുന്നു സാദിഖലി ജയിലിലായത്. അറസ്റ്റിനുശേഷം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലെത്തിയത്.

ആലുവയിൽ സ്വർണപ്പണി ചെയ്തിരുന്ന സാദിഖലി മറ്റൊരു ജോലി തേടിയാണ് ഊരത്തൂരിൽ എത്തിയത്. ഇവിടെ ചെങ്കൽപ്പണയിൽ ജോലിചെയ്തിരുന്ന ബന്ധുവാണ് ഇയാൾക്ക് സയ്യിദലിയോടൊപ്പം താമസസൗകര്യം ഏർപ്പെടുത്തിയത്. സയ്യിദലിയും സാദിഖലിയും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്.

സയ്യിദലി ഒരു പാത്രത്തിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സാദിഖലി പണം മോഷ്ടിക്കുന്നത് സയ്യിദലി കാണാനിടയായി. തുടർന്നായിരുന്നു കൊലപാതകം. കൊലയ്ക്കുശേഷം മുറിയിൽനിന്ന് 100 മീറ്റർ അകലെ ചെങ്കൽപ്പണയിൽ കുഴിയെടുത്ത് മൃതദേഹം മറവുചെയ്തു. നാട്ടിലേക്ക് പോവുകയാണെന്ന് പരിസരത്തുള്ളവരോട് പറഞ്ഞ് സാദിഖലി മുങ്ങുകയായിരുന്നു.

3000 രൂപയും മൊബൈൽഫോണുമായിരുന്നു സാദിഖലി കൊണ്ടുപോയത്. 2018-ൽ ഊരത്തൂരിലെ ചെങ്കൽപ്പണയുടെ പരിസരത്തുള്ള കാട്ടിൽനിന്നായിരുന്നു തലയോട്ടി കണ്ടെത്തിയത്. ഇതിൽ ദുരൂഹതയൊന്നും അന്ന് പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ചെങ്കൽമേഖലയിൽ ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്ന പോലീസ് അന്വേഷണത്തിലാണ് സയ്യിദലിയും സാദിഖലിയും അസമിലേക്ക് പോയ വിവരം ലഭിച്ചത്.

സയ്യിദലിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് വീട്ടിലെത്തിയിട്ടില്ലെന്നും മൊബൈൽ ഫോൺ മറ്റൊരാൾ ഉപയോഗിക്കുന്നതായും പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സാദിഖലിയാണ് മൊബൈൽഫോൺ മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും.