കൊരട്ടി: വീട്ടമ്മയുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കോനൂർ സ്വദേശി കോമ്പിള്ളി രഞ്ജിത്തി(34)നെയാണ് കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

വീട്ടമ്മ സാമൂഹികമാധ്യമങ്ങളിലിട്ടിരുന്ന ഫോട്ടോ ഉപയോഗിച്ചായിരുന്നു മോർഫിങ് നടത്തിയത്. മോശപ്പെട്ട രീതിയിൽ മോർഫിങ് നടത്തിയ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടുകാരിൽനിന്ന് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.

പരാതിക്കിടയാക്കിയ ചിത്രങ്ങൾ മെമ്മറി കാർഡിലാക്കി വീടിന്റെ മതിലിൽവെച്ച് വീട്ടുകാരെ മൊബൈലിൽ വിളിച്ചാണ് യുവാവ് പണം ആവശ്യപ്പെട്ടത്. പണം എത്തിക്കേണ്ട സ്ഥലവും അറിയിച്ചിരുന്നു. വീട്ടുകാരുടെ പരാതിയിൽ പോലീസ് സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മോർഫിങ്ങിനായി ഉപയോഗിച്ച ലാപ് ടോപ്പും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. എസ്.ഐ.മാരായ സി.കെ. സുരേഷ്, സി.ഒ. ജോഷി, എ.എസ്.ഐ.മാരായ എം.എസ്. പ്രദീപ്, സെബി, സീനിയർ സി.പി.ഒ. വി.ആർ. രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Content Highlights:blackmailing with morphed photos youth arrested in koratty