ഇരവിപുരം : ബാധ ഒഴിപ്പിക്കാമെന്നു പറഞ്ഞു വാങ്ങിയ ഒരുലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട ദമ്പതിമാരെയും അവരുടെ അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു കടന്ന മന്ത്രവാദിയെ ഇരവിപുരം പോലീസ് പിടികൂടി.

താന്നി സ്വർഗപുരം ക്ഷേത്രത്തിനു തെക്കുവശം ആലുവിളവീട്ടിൽ ബലഭദ്രനാ(63)ണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 29-ന് വൈകീട്ട് ആറരയോടെ താന്നിയിലെ മന്ത്രവാദിയുടെ താമസസ്ഥലത്തായിരുന്നു സംഭവം. യുവതിയുടെ അമ്മയുടെ അച്ഛന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും പറഞ്ഞാണ് ആക്രമണത്തിനിരയായവർ ഇയാളെ സമീപിച്ചത്. മന്ത്രവാദം നടത്തി ബാധയൊഴിക്കാൻ പലപ്പോഴായി മന്ത്രവാദി ഇവരിൽനിന്ന് ഒരുലക്ഷം രൂപ വാങ്ങി. ബാധയകലാൻ വീട്ടിൽ കുഴിച്ചിടാൻ തകിടും കൂടും നൽകുകയും ചെയ്തു.

ഫലംകാണാതെ വന്നതോടെയാണ് പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്പതിമാർ മന്ത്രവാദിയുടെ വീട്ടിലെത്തി പണം തിരികെ ചോദിച്ചത്. പല അവധികൾ പറഞ്ഞശേഷം 29-ന് പണം നൽകാമെന്നു പറഞ്ഞ് ഇവരെ വീട്ടിൽ വിളിച്ചുവരുത്തി യുവതിയെയും മാതാവിനെയും യുവതിയുടെ ഭർത്താവിനെയും ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുത്തേറ്റ് ഗുരുതരാവസ്ഥയിലായ, യുവതിയുടെ മാതാവ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ടി.നാരായണന്റെയും എ.സി.പി.വിജയന്റെയും മേൽനോട്ടത്തിൽ സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയായിരുന്നു. ഇയാൾ വെളിയത്തുള്ള രണ്ടാംഭാര്യയുടെ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മാവേലിക്കരയിലേക്ക് കടന്നു. മന്ത്രവാദിയെന്ന ലേബലിലുള്ള ബന്ധം മുതലെടുത്താണ് ഇയാൾ ഒളിവിൽക്കഴിഞ്ഞിരുന്നത്.

മാവേലിക്കര കൊല്ലകടവ് ഭാഗത്ത് ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ ഇരവിപുരം എസ്.എച്ച്.ഒ. ധർമജിത്ത്, എസ്.ഐ.മാരായ ദീപു, സൂരജ്, സുതൻ, സന്തോഷ്, അജിത് കുമാർ, എ.എസ്.ഐ.ഷിബു പീറ്റർ, സി.പി.ഒ. വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ പിടിയിലായ വിവരമറിഞ്ഞ് നേരത്തേ തട്ടിപ്പിനിരയായ പലരും പരാതിയുമായി എത്തുന്നുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.