വാടാനപ്പള്ളി: തൃത്തല്ലൂരിൽ വാക്സിനേഷൻ കേന്ദ്രത്തിന് മുന്നിൽ ബി.ജെ.പി. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ വാടാനപ്പള്ളി ഏഴാംകല്ല് സ്വദേശി ചേലപറമ്പിൽ രോഹിത്ത് രാജിനെ (22) അറസ്റ്റ് ചെയ്തു.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസങ്ങളിലായി ഏഴാംകല്ല് സ്വദേശികളായ സഹലേഷ് (22), സഹോദരൻ സഫലേഷ് (20), സജിത്ത് (26), ഗണേശമംഗലം സ്വദേശി ബിപിൻദാസ് (31) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 30-ന് തൃത്തല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് മുന്നിലാണ് ബി.ജെ.പി. പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കുഴൽപ്പണ കേസിൽ ജില്ലയിലെ ബി.ജെ.പി. നേതാക്കൾക്ക് പങ്കുണ്ടെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ ഇട്ട പോസ്റ്റാണ് സംഘർഷത്തിനിടയാക്കിയത്. വാടാനപ്പള്ളി ഏഴാംകല്ല് ഭാഗത്തെ വിഭാഗവും വ്യാസ നഗറിൽ ഉള്ള മറു വിഭാഗവും ഇതിനെച്ചൊല്ലി സാമൂഹികമാധ്യമങ്ങളിൽ വാക്പോരും നടത്തിയിരുന്നു.

തുടർന്നാണ് കോവിഡ് വാക്സിൻ എടുക്കാൻ തൃത്തല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടിയത്. തുടർന്നുണ്ടായ സംഘർഷത്തിൽ വ്യാസനഗർ ഗ്രൂപ്പിൽപ്പെട്ട കിരണിനാണ് കുത്തേറ്റത്.