കടയ്ക്കല്‍: അര്‍ധരാത്രി ബൈക്കിലെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ബി.ജെ.പി. നേതാവിന്റെ വീട് ആക്രമിച്ചു. ആക്രമണത്തിനിടെ കൈയിലുണ്ടായിരുന്ന അമിട്ട് പൊട്ടിത്തെറിച്ച് ഡി.വൈ.എഫ്.ഐ. നേതാവിന് പരിക്കേറ്റു. ആല്‍ത്തറമൂട് വടക്കേവയലില്‍ ചൊവ്വാഴ്ച രാത്രി 10.30-നായിരുന്നു സംഭവം. ബി.ജെ.പി. കടയ്ക്കല്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വടക്കേവയല്‍ സിന്ധുസദനത്തില്‍ രതിരാജന്റെ വീടിനുനേരേയാണ് ആക്രമണമുണ്ടായത്. ഡി.വൈ.എഫ്.ഐ. ഏരിയ ഭാരവാഹി വിഷ്ണു ലാല്‍ (29), പ്രവര്‍ത്തകനായ വിശാഖ് (23) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന അമിട്ട് പൊട്ടിത്തെറിച്ച് വിഷ്ണുലാലിന് പരിക്കേറ്റത്. ഇടത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റ ഇയാളെ പോലീസ് കാവലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശാഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലെത്തിയ സംഘം വീടിനുനേരേ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ പൊട്ടി. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോള്‍ സമീപത്തായി അമിട്ടുപൊട്ടിത്തെറിക്കുകയും അവിടനിന്നവര്‍ ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു.

കൈവശമുണ്ടായിരുന്ന അമിട്ട് പൊട്ടിയാണ് വിഷ്ണു ലാലിന് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.അനില്‍ കുമാര്‍, കടയ്ക്കല്‍ സി.ഐ.ഗിരിലാല്‍, എസ്.ഐ. സെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വടക്കേ വയല്‍ വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന രതിരാജന്റെ വീടിനും വാഹനത്തിനും നേരേ അന്നും ആക്രമണം നടന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പുമുതല്‍ കടയ്ക്കല്‍ പഞ്ചായത്തിലാകമാനം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരേ സി.പി.എം. അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്ന് ചടയമംഗലം നിയോജകമണ്ഡലം ബി.ജെ.പി.സ്ഥാനാര്‍ഥി വിഷ്ണു പട്ടത്താനം ആരോപിച്ചു.

Content Highlights: bjp leaders home attacked in kadakkal dyfi leader injured