ന്യൂഡൽഹി: ബി.എസ്.പി. മുൻ എം.പി അക്ബർ അഹമ്മദിനെതിരേ ബി.ജെ.പി. വനിത നേതാവ് ഷാസിയ ഇൽമിയുടെ പരാതി. ഡൽഹിയിൽ നടന്ന അത്താഴവിരുന്നിനിടെ അക്ബർ അഹമ്മദ് മോശമായി പെരുമാറിയെന്നാണ് ആരോപണം. പരാതിയിൽ ഡൽഹി വസന്ത്‌കുഞ്ച് പോലീസ് കേസെടുത്തു.

ഫെബ്രുവരി അഞ്ചിന് രാത്രി വസന്ത്‌കുഞ്ചിലായിരുന്നു സംഭവം. അത്താഴവിരുന്നിനിടെ അക്ബർ അഹമ്മദ് മോശമായി സംസാരിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ബി.ജെ.പി. ഡൽഹി വൈസ് പ്രസിഡന്റായ ഷാസിയ ഇൽമിയുടെ പരാതിയിൽ പറയുന്നത്. വിരുന്നിൽ പങ്കെടുത്ത മറ്റുള്ളവർ അക്ബറിനെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ പിൻവാങ്ങിയില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഐ.പി.സി. 506, 509 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഷാസിയ ഇൽമിയുടെ പരാതി ലഭിച്ചതായും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. അതേസമയം, ആരോപണവിധേയനായ അക്ബർ അഹമ്മദ് സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ലെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്.

Content Highlights:bjp leader shazia ilmi filed complaint against ex bsp mp