ലഖ്‌നൗ: കാമുകിയോടൊപ്പം നഗരത്തിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ബിജെപി നേതാവിനെ ഭാര്യ കൈയോടെ പിടികൂടി. ബിജെപി കിസാന്‍ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടിവ് അംഗമായ ശ്രീകാന്ത് ത്യാഗിയെയും കാമുകിയായ മാണ്ഡവി സിങ്ങിനെയുമാണ് ഭാര്യ അനു ലഖ്‌നൗവിലെ ഫ്‌ളാറ്റില്‍നിന്ന് പിടികൂടിയത്. ഇതിനുപിന്നാലെ കാമുകിയും ഭാര്യയും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി. സംഭവത്തില്‍ മാണ്ഡവി സിങ്ങിനെതിരെ അനുവും അനുവിനെതിരെ മാണ്ഡവി സിങ്ങും പോലീസില്‍ പരാതി നല്‍കി. 

ശ്രീകാന്ത് ത്യാഗിയും മാണ്ഡവി സിങ്ങും തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ഇരുവരും ലഖ്‌നൗ ഗോമതി നഗറിലെ ഗ്രീന്‍വുഡ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്നതായും ഭാര്യയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അനു ലഖ്‌നൗവിലെ ഫ്‌ളാറ്റില്‍ നേരിട്ടെത്തി ഭര്‍ത്താവിനെയും കാമുകിയെയും പിടികൂടിയത്. ഫ്‌ളാറ്റില്‍വെച്ച് ബിജെപി നേതാവിന്റെ ഭാര്യയും കാമുകിയും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനുപിന്നാലെ ഇരുവരും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. 

താനൊരു സാമൂഹിക പ്രവര്‍ത്തകയാണെന്നും ഉന്നത ബന്ധങ്ങളുള്ള വ്യക്തിയാണെന്നുമാണ് മാണ്ഡവി സിങ് പോലീസിനോട് പറഞ്ഞത്. ഇക്കാര്യം പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, ബിജെപി നേതാവായ ശ്രീകാന്ത് ത്യാഗി സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അടിപിടിയില്‍ ബിജെപി നേതാവിന്റെ ഭാര്യയായ അനുവിന് സാരമായ പരിക്കേറ്റെന്ന് ഒമ്പതും ഏഴും വയസ്സുള്ള മക്കള്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Content Highlights: bjp leader lives with lover in flat, wife caught them from appartment in lucknow