ലണ്ടൻ: കഞ്ചാവ് കൃഷി സംശയിച്ച് റെയ്‌ഡിനെത്തിയ പോലീസ് സംഘം ഞെട്ടി. വ്യവസായശാലയ്ക്കുള്ളിൽ കണ്ടത് വമ്പൻ ബിറ്റ്കോയിൻ മൈനിങ്.

ബ്രിട്ടനിലെ ബിർമിങ്ഹാമിലെ പരിസരപ്രദേശത്താണ് വമ്പൻ ബിറ്റ്കോയിൻ മൈനിങ് കണ്ടെത്തിയത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, മൈനിങ്ങിന് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മെയ് 18-നാണ് വെസ്റ്റ് മിഡ്ലാന്റ്സ് പോലീസ് വ്യവസായശാലയിൽ റെയ്‌ഡ് നടത്തിയത്. കെട്ടിടത്തിലേക്ക് നിരവധിപേർ വന്നുപോകുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കെട്ടിടത്തിനകത്ത് കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്നായിരുന്നു സംശയം. പോലീസ് ഡ്രോൺ ഉപയോഗിച്ചും മറ്റും നടത്തിയ നിരീക്ഷണത്തിൽ ഈ സംശയം സാധൂകരിക്കുന്ന സജ്ജീകരണങ്ങളും കണ്ടെത്തി. തുടർന്നാണ് പോലീസ് സംഘം വ്യവസായശാലയിൽ റെയ്‌ഡ് നടത്തിയത്.

എന്നാൽ കഞ്ചാവ് കൃഷി പ്രതീക്ഷിച്ചെത്തിയ പോലീസ് സംഘം കണ്ടത് നൂറോളം കമ്പ്യൂട്ടറുകളും ഇലക്ട്രിക് മീറ്ററുകളും. ഇതോടെയാണ് കെട്ടിടത്തിനകത്ത് ബിറ്റ്കോയിൻ മൈനിങ്ങാണ് നടന്നിരുന്നതെന്ന് മനസിലായത്. വൻതോതിൽ വൈദ്യുതി ആവശ്യമുള്ള മൈനിങ്ങിന് വേണ്ടി ഇവർ വൈദ്യുതി മോഷ്ടിച്ചതായും കണ്ടെത്തി. തുടർന്നാണ് കമ്പ്യൂട്ടറുകളും മറ്റ് സജ്ജീകരണങ്ങളും പിടിച്ചെടുത്തത്.

വെസ്റ്റ് മിഡ്ലാന്റിലെ രണ്ടാമത്തെ ക്രിപ്റ്റോകറൻസി മൈനിങ്ങാണ് പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയത്. ഇത് തീർത്തും തങ്ങൾ പ്രതീക്ഷിച്ചതായിരുന്നില്ല എന്നായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. കഞ്ചാവ് കൃഷി നടത്തുന്നതിന്റെ എല്ലാ ലക്ഷണങ്ങളും അവിടെയുണ്ടായിരുന്നു. എന്നാൽ അകത്തുകയറിയതോടെയാണ് ബിറ്റ്കോയിൻ മൈനിങ്ങാണെന്ന് കണ്ടെത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കമ്പ്യൂട്ടർ നെറ്റ് വർക്ക് ഉപയോഗിച്ച് ബിറ്റ്കോയിൻ നിർമിച്ചെടുക്കുന്ന പ്രക്രിയയാണ് ബിറ്റ്കോയിൻ മൈനിങ്. കമ്പ്യൂട്ടറുകളിൽ അതിസങ്കീർണമായ ഗണിതപ്രശ്നങ്ങൾ പരിഹരിച്ചാണ് ഓരോ ബിറ്റ്കോയിനും നിർമിക്കുന്നത്. ഇത് സൃഷ്ടിക്കുന്ന മൈനേർസിന് തക്കതായ പ്രതിഫലവും ലഭിക്കുന്നു. അതേസമയം, ഇത്രയധികം കമ്പ്യൂട്ടറുകൾ ഏറെസമയം പ്രവർത്തിക്കേണ്ടിവരുന്നതിനാൽ ഈ പ്രക്രിയ വൻതോതിൽ വൈദ്യുതചെലവ് വരുന്നതാണ്. സ്വിറ്റ്സർലൻഡ് എന്ന രാജ്യം ഒരുവർഷം ഉപയോഗിക്കുന്ന അതേ വൈദ്യുതിയാണ് ബിറ്റ്കോയിൻ മൈനിങ്ങിന് വേണ്ടിവരുന്നത്. മാത്രമല്ല, ഇതിലൂടെ പുറന്തള്ളുന്ന കാർബണിന്റെ അളവും ഭീഷണിയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാൻ സർക്കാർ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള എല്ലാ ക്രിപ്റ്റോകറൻസികളുടെയും മൈനിങ് നിരോധിച്ച് ഉത്തരവിട്ടത്. ഇറാനിലെ ചില നഗരങ്ങൾ പൂർണമായും ഇരുട്ടിലാകാൻ കാരണം ക്രിപ്റ്റോകറൻസി മൈനിങ്ങാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ തീരുമാനം. ലോകത്തെ ബിറ്റ്കോയിൻ മൈനിങ്ങിന്റെ 4.5 ശതമാനവും ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ ഇറാനിൽ നടന്നതായാണ് റിപ്പോർട്ട്.

Content Highlights:bitcoin mining exposed in uk