ഉദുമ: മോഷ്ടിച്ച ബൈക്കുമായെത്തിയ യുവാക്കള്‍ രക്ഷപ്പെടാന്‍ പുഴയില്‍ ചാടി. പിറകെ എത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പിടിച്ചു.വിവിധ സ്ഥലങ്ങളില്‍നിന്ന് ബൈക്കുകള്‍ കവര്‍ന്ന പള്ളിക്കരയിലെ രമേശന്‍, ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ എന്നിവരെയാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ബേക്കല്‍ മലാംകുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ രണ്ടുപേരെയും കണ്ട നാട്ടുകാര്‍ വിവരം ബേക്കല്‍ പോലീസില്‍ അറിയിച്ചു.ഇതിനിടയില്‍ രക്ഷപ്പെടാനായി യുവാക്കള്‍ അടുത്തുള്ള ബേക്കല്‍ പുഴയില്‍ ചാടി. തുടര്‍ന്നാണ് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പിടിച്ചത്.

ബേഡകം, ചന്തേര, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനുകളുടെ പരിധികളില്‍നിന്ന് ഓരോ ബൈക്ക് വീതം മോഷ്ടിച്ച കാര്യം ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ബേഡകത്തുനിന്ന് മോഷണംപോയ ബൈക്ക് ഇവരില്‍നിന്ന് കണ്ടെടുത്തു.ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ മൂന്നാംകടവിലുള്ള ഒരാളുടെ 1250 രൂപയും ഒരു മൊബൈല്‍ഫോണും കവര്‍ന്നതും ഇവരാണെന്ന് സ്ഥിരീകരിച്ചു.കൂടുതല്‍ ചോദ്യം ചെയ്യാനായി ഇരുവരെയും ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു.