കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ അടക്കമുള്ള നാലംഗ സംഘം മലപ്പുറം വേങ്ങര സ്വദേശികളായ യുവാക്കളുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച ശേഷം ഇരുവരേയും മര്‍ദ്ദിച്ച് ബൈക്കുമായി കടന്നു.
ലിസി ജങ്ഷനില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. യുവാക്കളെ മര്‍ദിച്ച് അവശരാക്കി, അവരുടെ ഫോണും പേഴ്സുമുള്പ്പടെ കവരുകയും ചെയ്തു.
കൊച്ചിയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാരനായ യുവാവും ഇയാളുടെ സുഹൃത്തുമാണ് മര്‍ദനത്തിന് ഇരയായത്. ഇരുവരും പുലര്‍ച്ചെ ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റോഡരികില്‍ ട്രാന്‍സ്ജെന്‍ഡറെ കണ്ട് വാഹനം നിര്‍ത്തി. ഇവരോട് സംസാരിക്കുന്നതിനിടെ മൂന്നംഗ സംഘമെത്തി മുഖത്ത് പെപ്പര്‍ സ്പ്രേ അടിക്കുകയും യുവാക്കളെ മര്‍ദിച്ചു വീഴ്ത്തുകയുമായിരുന്നു.
തുടര്‍ന്ന് യുവാക്കള്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെക്കുറിച്ച് സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.