ഓമശ്ശേരി: സൗത്ത് കൊടുവള്ളി പാറപ്പുറത്ത് റിയാസിന്റെ വീട്ടില്‍നിന്ന് മോഷണംപോയ ബൈക്ക് മലപ്പുറം മിനി ഊട്ടിക്കടുത്തുള്ള ചെരിപ്പടിമലയിലെ പാറക്കുളത്തില്‍നിന്ന് കൊടുവള്ളി പോലീസ് ഞായറാഴ്ച കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി സ്വദേശി എം. കിഷോര്‍ (22), തേഞ്ഞിപ്പലം സ്വദേശി സുഭാഷ് (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം മൂന്നാംതീയതി പുലര്‍ച്ചെ ഒരു മണിക്കായിരുന്നു കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മൂന്നംഗസംഘം മോഷ്ടിച്ചത്. മോഷണസംഘത്തിലെ മൂന്നാമന്‍ തേഞ്ഞിപ്പലം സ്വദേശി സുമേഷ് കൊയിലാണ്ടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ ജയിലിലാണ്. എം. കിഷോറിന്റെ പേരില്‍ വിവിധ ജില്ലകളിലായി പതിനെട്ട് കേസുകള്‍ നിലവിലുണ്ട്. പാറപ്പുറത്ത് റിയാസിന്റെ ഭാര്യാപിതാവ് ഓമശ്ശേരി സ്വദേശി യു.കെ. ഹുസ്സൈന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ബൈക്ക്.

പഴുതുകളടച്ച് പ്രതികളെ വലയിലാക്കി കൊടുവള്ളി പോലീസ്

കൊടുവള്ളി സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്രവാഹന മോഷണ പരാതികള്‍ ഏറിവന്നതോടെ മോഷണസംഘങ്ങളെ വലയിലാക്കാന്‍ പഴുതടച്ച അന്വേഷണമാണ് നടത്തിയത്. റിയാസിന്റെ വീട്ടില്‍നിന്ന് ബൈക്ക് മോഷണം പോയെന്ന പരാതി ലഭിച്ച ഉടന്‍ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് പ്രതികളെക്കുറിച്ച് ആദ്യസൂചന ലഭിച്ചത്. പിന്നീട് കൊടുവള്ളി മുതല്‍ തേഞ്ഞിപ്പലം പാലംവരെയുള്ള മുന്നൂറോളം സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.

പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ഇവരെ ചോദ്യംചെയ്യുന്നതോടെ സമാന മോഷണക്കേസുകളെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സി.ഐ. ദാമോദരന്‍, എസ്.ഐ. മാരായ ദിജേഷ്, ശ്രീകുമാര്‍, എ.എസ്.ഐ. സജീവ്, എസ്.സി.പി.ഒ. മാരായ അബ്ദുല്‍ റഷീദ്, അജിത്ത്, സുനിത എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

കരുത്തുകാട്ടി കര്‍മ ഓമശ്ശേരി

മോഷണംപോയ ബൈക്ക് പാറക്കുളത്തിലുണ്ടെന്ന് പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് വാഹന ഉടമ യു.കെ. ഹുസ്സൈന്‍ കര്‍മ ഓമശ്ശേരിയുടെ സഹായം തേടുകയായിരുന്നു. പ്രകൃതിക്ഷോഭ സമയത്തും അടിയന്തരഘട്ടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക പരിശീലനംലഭിച്ച സംഘമാണ് കര്‍മ ഓമശ്ശേരി.

കെ.പി. ബഷീര്‍, നൗഷിഫ് അന്‍വര്‍, അനസ്, റഷീദ്, മുഹമ്മദലി എന്നിവരാണ് പാറക്കുളത്തില്‍ മുങ്ങിക്കിടന്ന ബൈക്ക് കരയ്‌ക്കെത്തിച്ചത്.