നോയിഡ: കോടിക്കണക്കിന് രൂപയുടെ 'ബൈക്ക് ബോട്ട്' തട്ടിപ്പില്‍ സി.ബി.ഐ കേസെടുത്തു. ഗര്‍വിത് ഇന്നോവേറ്റേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ഭാട്ടി ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് സി.ബി.ഐ. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സഞ്ജയ് ഭാട്ടിക്ക് പുറമേ കമ്പനി ഡയറക്ടര്‍മാരായ രാജേഷ് ഭരദ്വാജ്, ദീപ്തി ബെഹല്‍, എച്ച്.ആര്‍. മാനേജര്‍ ആനന്ദ് പട്ടേല്‍, സഞ്ജയ് ഭാട്ടിയുടെ ഭാര്യ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.  

ബൈക്ക് ബോട്ട് എന്ന പേരില്‍ ബൈക്ക് ടാക്‌സി പദ്ധതി ആരംഭിക്കാനെന്ന് പറഞ്ഞ് സഞ്ജയ് ഭാട്ടിയുടെ കമ്പനി കോടികള്‍ തട്ടിയെടുത്തെന്നാണ് പരാതി. 

ബൈക്ക് ബോട്ട് പദ്ധതിയില്‍ നിക്ഷേപം നടത്തിയ നിരവധി പേര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. സഞ്ജയ് ഭാട്ടിയുടെ കമ്പനി ഏകദേശം 15000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് നിഗമനം. നേരത്തെ ഇതുസംബന്ധിച്ച് ദാദ്രി പോലീസ് സ്‌റ്റേഷനില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാതിരുന്നതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു. ഇതിനുപുറമേ ഇക്കണോമിക്ക് ഒഫന്‍സസ് വിങ്ങും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

സഞ്ജയ് ഭാട്ടിയുടെ തുടക്കം...

2010-ലാണ് ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ സഞ്ജയ് ഭാട്ടി ഗര്‍വിത് ഇന്നോവേറ്റേഴ്‌സ് എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ആരംഭിക്കുന്നത്. കുടുംബാംഗങ്ങളുമായി ചേര്‍ന്ന് ഗ്രേറ്റര്‍ നോയിഡ കേന്ദ്രീകരിച്ചായിരുന്നു ബിസിനസ്. തുടര്‍ന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗര്‍വിത് ഇന്നോവേറ്റേഴ്‌സ് ബൈക്ക് ബോട്ട് എന്ന ബൈക്ക് ടാക്‌സി പദ്ധതി ആരംഭിക്കുന്നത്. 

ബൈക്ക് ബോട്ട്-ബൈക്ക് ടാക്‌സി

2017 ഓഗസ്റ്റിലാണ് സഞ്ജയ് ഭാട്ടി ബൈക്ക് ബോട്ട് എന്ന പേരില്‍ ബൈക്ക് ടാക്‌സി പദ്ധതിക്ക് തുടക്കംകുറിച്ചത്. ഇതിനായി നിക്ഷേപവും സ്വീകരിച്ചു തുടങ്ങി. ബൈക്ക് ടാക്‌സിക്കായി പണം മുടക്കുന്നവര്‍ക്ക് ആകര്‍ഷകമായ പ്രതിഫലമാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. 

ടാക്‌സിയായി ഓടിക്കാനുള്ള ഒരു ബൈക്കിന് പണം മുടക്കിയാല്‍ മാസത്തവണയായി നിശ്ചിത തുകയും വാടകയായി മറ്റൊരു തുകയും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനുപുറമേ അഞ്ച് ശതമാനം ബോണസും മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്താല്‍ കൂടുതല്‍ വരുമാനവും വാഗ്ദാനം ചെയ്തിരുന്നു. 

62100 രൂപയായിരുന്നു ഒരു ബൈക്കിനായി കമ്പനി നിശ്ചയിച്ച തുക. ഈ പണം നിക്ഷേപിക്കുന്നവര്‍ക്ക് ബൈക്കിന്റെ ഇ.എം.ഐ.യായി 5175 രൂപ മാസംതോറും നല്‍കുമെന്നായിരുന്നു വാഗ്ദാനം. വാടകയിനത്തില്‍ 4590 രൂപയും വാഗ്ദാനം ചെയ്തു. ഒരാള്‍ക്ക് എത്ര ബൈക്കുകള്‍ക്ക് വേണ്ടിയും പണം മുടക്കാം. അതിനനുസരിച്ച് വരുമാനം വര്‍ധിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു. 62100 രൂപ മുടക്കുന്ന ഒരാള്‍ക്ക് ഒരുകൊല്ലം കൊണ്ട് 1.17 ലക്ഷം രൂപയോളം തിരികെ ലഭിക്കുമെന്നും ഉറപ്പുനല്‍കി. 

നിക്ഷേപകരില്‍ വിശ്വാസ്യത ഉണ്ടാക്കാനായി കമ്പനി കരാറുകളിലും ഒപ്പുവെച്ചിരുന്നു. നിക്ഷേപിക്കുന്ന പണം സുരക്ഷിതമാണെന്നും ലാഭം കൃത്യമായി ലഭിക്കുമെന്നും വാഗ്ദാനം നല്‍കി. 

ആരെയും കൊതിപ്പിക്കുന്ന ലാഭം കിട്ടുമെന്ന വാഗ്ദാനം കേട്ടതോടെ നിരവധിപേരാണ് ബൈക്ക് ബോട്ട് പദ്ധതിയില്‍ പണം മുടക്കിയത്. പലരും അഞ്ചും പത്തും ബൈക്കുകള്‍ക്കായി ലക്ഷങ്ങള്‍ നിക്ഷേപിച്ചു. ആദ്യം പണം മുടക്കിയവര്‍ അവരുടെ കീഴില്‍ കൂടുതല്‍പേരെ പദ്ധതിയില്‍ ചേര്‍ത്തുകയും നിക്ഷേപം നടത്തുകയും ചെയ്തു. ഏകദേശം രണ്ട് ലക്ഷത്തോളം പേര്‍ വിവിധ ഘട്ടങ്ങളിലായി കമ്പനിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരുരൂപ പോലും തിരികെ ലഭിക്കാതിരുന്നതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 

നോയിഡയിലെ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും അറിവോടെയാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതെന്നാണ് കേസ് ഏറ്റെടുത്ത സി.ബി.ഐ.യുടെ നിഗമനം. അതിനാലാണ് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാതിരുന്നതെന്നും സി.ബി.ഐ. വൃത്തങ്ങള്‍ കരുതുന്നു. നോയിഡ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരാതിക്കാരില്‍ സമ്മര്‍ദം ചെലുത്തിയതായും സംശയങ്ങളുണ്ട്. 

Content Highlights: bike bot bike taxi scheme fraud in noida uttar pradesh cbi begins probe