പയ്യന്നൂര്‍: ആര്‍.എസ്.എസ്. രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം തയ്യാറായി. പയ്യന്നൂര്‍ സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കുറ്റപത്രം വെളളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. ഇക്കഴിഞ്ഞ മേയ് 12ന് വൈകിട്ട് മൂന്നരയോടെ പാലക്കോട് പാലത്തിന് സമീപമാണ് ബിജു കൊല്ലപ്പെടുന്നത്. സുഹൃത്ത് രാജേഷ് ഓടിച്ച ബൈക്ക് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം ബിജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബിജുവും രാജേഷും സി.പി.എം. പ്രവര്‍ത്തകന്‍ കുന്നരു കാരന്താട്ടെ സി.വി.ധനരാജിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളാണ്. ഈ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കണ്ടെത്തിയത്.

Crime

ബിജുവധത്തില്‍ ആകെ 12 പ്രതികളാണ്. ഇവരില്‍ ഒരാള്‍ ഗള്‍ഫിലേക്ക് കടന്നു. മറ്റ് 11 പ്രതികളെയും അറസ്റ്റു ചെയ്തു. പ്രതികളില്‍ എട്ടു പേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. കൊലയ്ക്ക് സഹായിച്ചതായി പറയുന്ന മൂന്നു പേര്‍ക്ക് ജാമ്യം ലഭിച്ചു. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും പ്രതികള്‍ സഞ്ചരിച്ച കാറുകളും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും നടത്തി. കസ്റ്റഡിയിലെടുത്ത ആയുധങ്ങള്‍, വാഹനത്തിലുണ്ടായിരുന്ന രക്തക്കറ, വണ്ടിയില്‍ വിതറിയ മുളകുപൊടി എന്നിവയുടെ രാസപരിശോനയും അന്വേഷണത്തിന്റെ ഭാഗമായി നടത്തി.

പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തി. പ്രതികളുടെ മൊഴി, സാക്ഷിമൊഴികള്‍, സാക്ഷികള്‍ തിരിച്ചറിഞ്ഞതിന്റെ വിവരങ്ങള്‍ തുടങ്ങി 1500ഓളം പേജ് വരുന്നതാണ് കുറ്റപത്രം. നൂറിലധികം പേരില്‍നിന്ന് ശേഖരിച്ച മൊഴികളുള്ള കുറ്റപത്രത്തില്‍ 60ഓളം പേരുകള്‍ സാക്ഷിപ്പട്ടികയിലുണ്ട്. റനീഷ്, അനൂപ്, സത്യന്‍ തുടങ്ങി അഞ്ചുപേര്‍ക്കാണ് നേരിട്ടു പങ്കാളിത്തമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവികജാമ്യം ലഭിക്കും. ഇതുകാരണം സി.ഐ.ആസാദും സംഘവും 82 ദിവസംകൊണ്ട് കുറ്റപത്രം തയ്യാറാക്കുകയും വെള്ളിയാഴ്ച സമര്‍പ്പിക്കുകയുമാണ്.