ഭോപ്പാൽ: വിമാനം റാഞ്ചി പാകിസ്താനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം അയച്ചയാൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഷുജൽപുരിൽ താമസിക്കുന്ന ഉജ്ജ്വൽ ജെയിൻ എന്നയാളെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഭോപ്പാൽ രാജാബോജ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. ഭോപ്പാൽ, ഇന്ദോർ വിമാനത്താവളങ്ങളിൽനിന്ന് വിമാനം റാഞ്ചി പാകിസ്താനിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. എന്നാൽ ഏത് വിമാനമാണെന്നോ മറ്റു വിവരങ്ങളോ പറഞ്ഞിരുന്നില്ല. തന്റെ വഴിയിൽ നിങ്ങളാരും വരരുതെന്നും വിളിച്ചയാൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു.

സന്ദേശം ലഭിച്ചയുടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പോലീസിനും വിവരം കൈമാറി. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ പരാതി ലഭിച്ചതോടെ ഗാന്ധിനഗർ പോലീസും ക്രൈംബ്രാഞ്ചും അജ്ഞാതനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് വിളിച്ച നമ്പർ തിരിച്ചറിയുകയും അശോക ഗാർഡനിലെ വിലാസത്തിലാണ് ഉജ്ജ്വൽ എന്നയാൾ ഈ നമ്പർ കരസ്ഥമാക്കിയതെന്നും കണ്ടെത്തി. എന്നാൽ, അശോക ഗാർഡിനിലെത്തിയ പോലീസ് സംഘത്തിന് നിരാശയായിരുന്നു ഫലം. 2014 വരെ ഇവിടെ താമസിച്ചിരുന്ന ഉജ്ജ്വൽ പിന്നീട് താമസംമാറിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷുജൽപുരിൽനിന്ന് ഉജ്ജ്വലിനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഉജ്ജ്വൽ ജെയിനെ വിശദമായ ചോദ്യം ചെയ്യലിനും കൂടുതൽ അന്വേഷണത്തിനുമായി ഭോപ്പാലിൽ എത്തിച്ചിട്ടുണ്ട്. ഇതിനുശേഷം മാത്രമേ സംഭവത്തിൽ പോലീസ് കൂടുതൽ വിശദീകരണം നൽകുകയുള്ളൂ.

Content Highlights:bhopal airport receives threat call that plane will hijack to pakistan