കൊല്ലം : രണ്ടരവര്‍ഷംമുന്‍പുനടന്ന കൊലപാതകം സംബന്ധിച്ച വിവരം പുറംലോകമറിഞ്ഞത് കൊല്ലപ്പെട്ടയാളുടെ ബന്ധുവിന്റെ നിര്‍ണായക മൊഴിയിലൂടെ. കൊല്ലപ്പെട്ട ഷാജിയുടെ മാതൃസഹോദരിയുടെ പുത്രനാണ് റോയി. പത്തനംതിട്ടയില്‍ താമസിക്കുന്ന ഇയാള്‍ ഇടയ്ക്കിടെ ഭാരതീപുരം തോട്ടംമുക്കിലുള്ള ഷാജിയുടെ വീട്ടിലെത്തിയിരുന്നു. അടുത്തിടെയായി ഷാജി എവിടെയാണെന്ന് ഇയാള്‍ അമ്മയുടെ അനുജത്തിയായ പൊന്നമ്മയോട് അന്വേഷിച്ചിരുന്നു. അന്നൊന്നും പൊന്നമ്മ കൊലപാതകവിവരം വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ പൊന്നമ്മയും മരുമകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തില്‍ പൊന്നമ്മ, ഇളയമകനായ സജിന്‍ ഷാജിയെ കൊന്നെന്നും മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടെന്നും റോയിയോടു പറഞ്ഞു. പിന്നീട് പത്തനംതിട്ടയിലേക്ക് മടങ്ങിയ റോയി ഇടയ്ക്ക് പൊന്നമ്മയുടെ വീട്ടില്‍ എത്തിയിരുന്നു.

കൊലപാതകവിവരം പുറത്തുപറയുമെന്ന് സജിന്റെ ഭാര്യയെ ഇയാള്‍ ഭീഷണിപ്പെടുത്തി. സജിന്റെ മകളുടെ കഴുത്തില്‍ക്കിടന്ന മാല ഊരിയെടുക്കാന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു. പൊന്നമ്മയുടെ വീടിന്റെ ഒന്നര കിലോമീറ്റര്‍ അകലെയാണ് മറ്റു വീടുകളുള്ളത്. അതുകൊണ്ടുതന്നെ വഴക്കും തര്‍ക്കങ്ങളും മറ്റാരും അറിഞ്ഞിരുന്നില്ല. പത്തനംതിട്ടയിലേക്ക് മടങ്ങിയ റോയി തിങ്കളാഴ്ച രാവിലെ ഡിവൈ.എസ്.പി. ഓഫീസിലെത്തിയാണ് കൊലപാതകത്തെപ്പറ്റി വെളിപ്പെടുത്തിയത്.

കൊലപാതകവിവരം അറിഞ്ഞതുമുതല്‍ തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും താന്‍ അസ്വസ്ഥനാണെന്നും പോലീസിനെ അറിയിച്ചു. മുഷിഞ്ഞവസ്ത്രങ്ങള്‍ ധരിച്ചെത്തിയ ഇയാള്‍ മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു.

പത്തനംതിട്ട എസ്.പി. എ.പ്രദീപ് കുമാര്‍ കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുനലൂര്‍ ഡിവൈ.എസ്.പി.യെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഏരൂര്‍ പോലീസ് ഷാജിയെക്കുറിച്ച് അന്വേഷണം നടത്തി. ചൊവ്വാഴ്ച രാവിലെ തോട്ടംമുക്കിലെ വീട്ടില്‍നിന്ന് പൊന്നമ്മയെയും കൊട്ടാരക്കര കോട്ടാത്തലയില്‍നിന്ന് സജിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഭാരതീപുരം ദൃശ്യം മോഡല്‍ കൊലപാതകം: മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു ......