കൊല്ലം : ഏക്കര്‍കണക്കിന് വരുന്ന റബ്ബര്‍ തോട്ടങ്ങള്‍ക്ക് നടുവില്‍ ആള്‍പ്പാര്‍പ്പുള്ളത് ഒറ്റവീട്ടില്‍മാത്രം. കാടുനിറഞ്ഞ ചെമ്മണ്‍പാതയും ഒറ്റയടിപ്പാതയും കടന്ന് വീട്ടിലെത്തുക ദുഷ്‌കരം. ഭാരതീപുരം തോട്ടംമുക്കിലെ ഷാജിയുടെ കൊലപാതകം പുറംലോകത്ത് എത്താതിരിക്കാന്‍ ഒറ്റപ്പെട്ടയിടത്തെ താമസംതന്നെയാണ് പൊന്നമ്മയ്ക്കും മകന്‍ സജിനും സഹായകമായത്.

അഞ്ചല്‍-കുളത്തൂപ്പുഴ റോഡില്‍ പഴയേരൂരില്‍നിന്നുള്ള ഇടറോഡ് വഴിയാണ് ഇവര്‍ വീട്ടിലെത്തിയിരുന്നത്. റോഡ് തുടങ്ങുന്ന ഭാഗത്തുമാത്രമേ ആള്‍ താമസമുള്ളൂ. ഇവര്‍ താമസിക്കുന്ന പള്ളിമേലതില്‍വീടിന് അല്‍പ്പം അകലെയായി മറ്റ് വീടുകളുണ്ടെങ്കിലും ആരും അവിടെ ഇപ്പോള്‍ താമസിക്കുന്നില്ല. നേരത്തേ ചെറിയ കുടിലിലായിരുന്നു പൊന്നമ്മയും കുടുംബവും താമസിച്ചിരുന്നത്. പിന്നീട് പഞ്ചായത്തില്‍നിന്ന് അനുവദിച്ച പണംകൊണ്ട് പുതിയ വീടുണ്ടാക്കി.

പൊന്നമ്മ തൊഴിലുറപ്പ് ജോലികള്‍ക്കും സജിന്‍ കൂലിപ്പണി ഉള്‍പ്പെടെയുള്ള പണികള്‍ക്കും പോയിരുന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഷാജി വല്ലപ്പോഴുമാണ് വീട്ടിലെത്തിയിരുന്നത്. ഇടയ്ക്ക് കുറച്ചുകാലം വീടിനോടുചേര്‍ന്ന ഭാഗത്ത് മറ്റൊരു കൂരയുണ്ടാക്കി ഒരു സ്ത്രീക്കൊപ്പം ഇയാള്‍ താമസിച്ചിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. അടുത്തുള്ള വസ്തു ഉടമകളെ ഷാജി ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയുണ്ട്. മദ്യപാനവും വഴക്കും പതിവായിരുന്നതായും അവര്‍ പറയുന്നു. വീട്ടില്‍ വ്യാജവാറ്റ് നടത്തിയിരുന്നതായും സംശയമുണ്ട്.

മോഷ്ടാവായ ഷാജിയെത്തേടി പോലീസ് മിക്കപ്പോഴും വീട്ടിലെത്തിയിരുന്നു. വീട്ടുകാര്‍ക്ക് അധികം ആരോടും അടുപ്പമുണ്ടായിരുന്നില്ല. ഷാജിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ വഴക്കുമൂലം സജിനും ഭാര്യയും കൊട്ടാരക്കരയിലേക്ക് താമസംമാറിയിരുന്നു. വിജനമായ പ്രദേശത്ത് പൊന്നമ്മ മാത്രമാണ് താമസിച്ചിരുന്നത്. പകല്‍പോലും അധികമാരും എത്താത്ത സ്ഥലമാണിത്.

ഭാരതീപുരം 'ദൃശ്യം' മോഡല്‍ കൊലപാതകം: മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു ......