ബെംഗളൂരു: അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് യുവതിയുടെ പരാതി. ബെംഗളൂരു ജയനഗര്‍ സ്വദേശിയായ 36-കാരിയാണ് ഭര്‍ത്താവിനെതിരേ ബെംഗളൂരു ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം ബസവനഗുഡി വനിതാ പോലീസ് ഭര്‍ത്താവിനെതിരേ കേസെടുത്തു. 

2019 നവംബറിലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഭര്‍ത്താവ് അശ്ലീലചിത്രങ്ങള്‍ക്ക് അടിമയാണെന്നും ഇതിനെ എതിര്‍ത്തപ്പോള്‍ ഉപദ്രവം ആരംഭിച്ചെന്നുമാണ് യുവതിയുടെ ആരോപണം.

ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് അടിമയായിരിക്കുകയാണ്. മാത്രമല്ല, രാത്രി വൈകുംവരെ ഓണ്‍ലൈനില്‍ കോള്‍ ഗേള്‍സുമായി ചാറ്റിങ്ങുമുണ്ട്. ഈ പെണ്‍കുട്ടികള്‍ക്കായി ധാരാളം പണമാണ് ചിലവഴിക്കുന്നത്. നിരവധി അശ്ലീല വെബ്‌സൈറ്റുകളും പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ തന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ട കോള്‍ ഗേള്‍സിന് അയച്ചുനല്‍കിയെന്നും പരാതിയില്‍ പറയുന്നു. 

വ്യാജ വിവരങ്ങള്‍ നല്‍കി മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ഭര്‍ത്താവ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നുണ്ട്. വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് പറഞ്ഞാണ് മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതെല്ലാം ഭര്‍ത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു അവസരം കൂടി നല്‍കാനാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഇതിനെ എതിര്‍ത്തപ്പോള്‍ ഉപദ്രവിച്ചെന്നും യുവതി പറയുന്നു. 

മാത്രമല്ല, ഇതിന്റെ പേരില്‍ പഴകിയ ഭക്ഷണമാണ് തനിക്ക് കഴിക്കാന്‍ നല്‍കുന്നതെന്നും കുടുംബത്തിലെ പല ചടങ്ങുകളില്‍നിന്നും തന്നെ മാറ്റിനിര്‍ത്തിയതായും പരാതിയിലുണ്ട്. ഭര്‍ത്താവിന്റെ ഉപദ്രവത്തിന് ഭര്‍തൃമാതാപിതാക്കളുടെ പിന്തുണയുണ്ടെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു.  

Content Highlights: bengaluru woman filed complaint against obscene website addicted husband