ബെംഗളൂരു: ബെംഗളൂരുവില്‍ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കര്‍ണാടകപോലീസ് സംഘം കോഴിക്കോട്ട്‌ നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി.

ബംഗ്ലാദേശില്‍നിന്നും കടത്തിക്കൊണ്ടുവന്ന യുവതിയാണ് പീഡനത്തിനിരയായത്. അറസ്റ്റിലായ പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് പീഡനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ നിയമവിരുദ്ധമായാണ് ബെംഗളൂരുവില്‍ താമസിച്ചിരുന്നത്.

പ്രതികളിലൊരാളായ ഷെയ്ഖാണ് സ്പാ'കളില്‍ ജോലിക്കെന്നുപറഞ്ഞ് ബംഗ്ലാദേശില്‍നിന്ന് യുവതിയെ ബെംഗളൂരുവിലെത്തിച്ചത്. ഹൈദരാബാദിലും കോഴിക്കോട്ടും യുവതി ജോലി ചെയ്തു. പിന്നീട് ഷെയ്ഖുമായി പണം ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടായി. തുടര്‍ന്ന് ഇയാളും മറ്റു പ്രതികളും കൂടി യുവതിയെ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യം പകര്‍ത്തുകയുമായിരുന്നു. 

പണം നല്‍കിയില്ലെങ്കില്‍ പീഡനദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഈ ദൃശ്യം ബംഗ്ലാദേശിലും വടക്കുകിഴക്ക് സംസ്ഥാനങ്ങളിലും പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട അസം പോലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് ബെംഗളൂരു പോലീസ് പ്രതികളെ പിടിക്കൂടിയത്.

കേസില്‍ രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെ ബംഗ്ലാദേശ് സ്വദേശികളായ ആറുപേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. റിഡോയ് ബാബു (25), സദര്‍ (23), മുഹമ്മദ് ബാബു ഷെയ്ഖ് (30), ഹക്കീല്‍ (23), നസ്രത്ത്, കാജല്‍ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ രാമമൂര്‍ത്തിനഗറില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് വെടിവെപ്പില്‍ പരിക്കേറ്റ റിഡോയ് ബാബു, സദര്‍ എന്നിവര്‍ ബെംഗളൂരുവിലെ ബ്രൗറിങ് ആശുപത്രിയില്‍ ചികിത്സിയിലാണ്.

Content Highlights: bengaluru rape case police found victim from kozhikode